മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി റഷ്യൻ സഖ്യകക്ഷി ബെലറുസ്
text_fieldsകിയവ്: യുക്രെയ്നിൽ പാശ്ചാത്യ സമാധാന സേനയെ വിന്യസിക്കാനുള്ള പോളിഷ് നിർദ്ദേശം മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന് ബെലറുസ് മുന്നറിയിപ്പ് നൽകി. യുക്രെയ്നിൽ അധിനിവേശം നടത്താൻ റഷ്യക്ക് ബയ്‍ലറുസിന്റെ പ്രദേശം ഉപയോഗിക്കാമെന്നറിയിച്ച ബെലറുസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്ഷെങ്കോയാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവിൽ സ്ഥിതി അതീവ ഗുരുതരവും സംഘർഷഭരിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ സൈനിക നടപടിക്കെതിരെ ഏതെങ്കിലും വിദേശ ഇടപെടൽ ഉണ്ടായാൽ റഷ്യ ശക്തമായി തിരിച്ചടിക്കുമെന്നും ഇതിന്‍റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ലുക്ഷെങ്കോ അഭിപ്രായപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ലുക്ഷെങ്കോ പ്രസ്താവനയുമായി രംഗത്തുവരുന്നത്.
അതേ സമയം യുക്രെയ്നിൽ ഭക്ഷ്യഷാമം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് റഷ്യ നടത്തുന്നതെന്ന് ചെർണിഹിവിലെ ഒരു പ്രാദേശിക ഗവൺമെന്റ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. ഈ ആഴ്‌ചയുടെ തുടക്കത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഡെസ്‌ന നദിക്ക് കുറുകെയുള്ള ഒരു പാലം തകർന്നതായും തെക്കന്‍ പ്രദേശങ്ങളിൽ നിന്ന് മരുന്നുകളും ഭക്ഷണവും ഉൾപ്പടെയുള്ള സഹായങ്ങൾ ഈ പാലം വഴിയാണ് എത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധിനിവേശത്തിന് മുമ്പ് 285,000 ജനസംഖ്യയുണ്ടായിരുന്ന യുക്രെയ്നിലെ ചെർണിഹിവ് നഗരത്തിൽ പലായനങ്ങൾക്ക് ശേഷം 130,000-ലധികം പേരാണ് അവശേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.