വിവാഹമോചനം നടത്തിയതിന് 4,675കോടി നഷ്ടപരിഹാരം; മുൻഭാര്യയുമായി അഞ്ചു കൊല്ലംകഴിഞ്ഞ് കേസ് തീർപാക്കി ശതകോടീശ്വരൻ
text_fieldsലണ്ടൻ: വിവാഹമോചനത്തിന് നഷ്ടപരിഹാരമായി കോടതി വിധിച്ച റെക്കോഡ് തുക നൽകണോ വേണ്ടയോ എന്ന് തർക്കിച്ചുനിന്ന അഞ്ചു വർഷത്തിനൊടുവിൽ തത്കാലം സുല്ലിട്ട് ശതകോടീശ്വരൻ. റഷ്യൻ അതിസമ്പന്നനായ ഫർഖദ് അഖ്മദോവും ഭാര്യ ടാറ്റിയാന അഖ്മദോവയും തമ്മിലെ വിവാഹ മോചന കേസിലാണ് തീർപ്പുണ്ടായത്. 2017ലായിരുന്നു ലണ്ടൻ ഹൈക്കോടതി ജഡ്ജി ടാറ്റിയാനക്ക് 45 കോടി പൗണ്ട് (4,675കോടി രൂപ) നഷ്ടപരിഹാരം വിധിച്ചത്.
പുടിനുമായി അടുത്ത ബന്ധമുള്ള അതിസമ്പന്നരുടെ പട്ടികയിൽ അമേരിക്ക ഉൾപെടുത്തിയ ആളാണ് അഖ്മദോവ്. ഭാര്യക്കുകൂടി പങ്കുള്ള ഇയാളുടെപേരിലുള്ള 100 കോടി പൗണ്ട് ആസ്തിയിൽനിന്ന് 45 കോടി ടാറ്റിയാനക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി. ആസ്തി പിടിച്ചെടുത്ത് നൽകാതിരിക്കാൻ വിധിക്കെതിരെ അഖ്മദോവ് പലവട്ടം കോടതി കയറിയിറങ്ങി. ഒടുവിൽ ഒത്തുതീർപിെലത്താൻ ഇരുവരും തീരുമാനമാകുകയായിരുന്നു.
വിവാഹ മോചന നഷ്ടപരിഹാരമായി ടാറ്റിയാന ആദ്യം ചോദിച്ചിരുന്നത് 35 കോടി പൗണ്ടാണ്. എന്നാൽ, ഒത്തുതീർപിന് അഖ്മദോവ് നിൽക്കാതെ വന്നതോടെ 9.3 കോടി പൗണ്ട് അധികം ചേർത്ത് കോടതിയിലെത്തി. വീട്, ആസ്റ്റൺ മാർടിൻ കാർ, ആർട് ശേഖരം തുടങ്ങിയവയുടെ മൂല്യം കണക്കാക്കിയാണ് അധിക തുക ചോദിച്ചത്.
അഖ്മദോവിന്റെ പേരിലുള്ള 30 കോടി വിലയുള്ള ആഡംബര നൗകയായ ലൂന പിടിച്ചടക്കാൻ ടാറ്റിയാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇരുവരുടെയും മകനായ തിമൂർ കൂടി പിതാവിനൊപ്പം ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി ഇവർ ആരോപിച്ചിരുന്നു. റഷ്യൻ വംശജനായ അഖ്മദോവ് 2000 ലാണ് ബ്രിട്ടീഷ് പൗരത്വം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.