വിജയദിനത്തിൽ യുക്രെയ്നിൽ ബോംബിട്ട് റഷ്യ
text_fieldsകിയവ്: രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനിക്കെതിരെ വിജയിച്ചതിന്റെ വാർഷികം യുക്രെയ്നിലേക്ക് ബോംബിട്ട് ആഘോഷമാക്കി റഷ്യ. അയൽ രാജ്യത്തേക്ക് ക്രൂസ് മിസൈലുകൾ തൊടുത്തതിനു പുറമെ റെഡ് സ്ക്വയറിൽ അത്യാധുനിക ആയുധങ്ങളുടെ അകമ്പടിയിൽ സൈനിക പരേഡ് നടത്തിയുമായിരുന്നു വിജയദിനാഘോഷം. മനുഷ്യ സംസ്കാരം നിർണായക വഴിത്തിരിവിലാണെന്നും സ്വന്തം രാജ്യത്തിനെതിരെയാണ് പടിഞ്ഞാറൻ വമ്പന്മാരുടെ ആക്രമണമെന്നും 10 മിനിറ്റ് നീണ്ട പ്രഭാഷണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
1945 മേയ് എട്ടിനാണ് നാസി ജർമനിയുടെ കടന്നുകയറ്റത്തിൽനിന്ന് റഷ്യ മോചിതമായിരുന്നത്. ഇതിന്റെ വാർഷികമായാണ് എല്ലാവർഷവും വിജയദിനം ആഘോഷിക്കുന്നത്.
എന്നാൽ, വിജയദിനാഘോഷ ദിനത്തിൽ റഷ്യ തൊടുത്ത 25 മിസൈലുകളിൽ 23ഉം നിർവീര്യമാക്കിയതായി യുക്രെയ്ൻ അറിയിച്ചു. യൂറോപ്യൻ യൂനിയൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡർ ലെയൻ കിയവിലെത്തിയ ദിനത്തിലായിരുന്നു വൻ ആക്രമണം. കഴിഞ്ഞ ദിവസവും യുക്രെയ്നുനേരെ റഷ്യ മിസൈലുകൾ തൊടുത്തിരുന്നു.
വിജയദിനാഘോഷത്തിന്റെ ഭാഗമായി മോസ്കോയിലെ പരേഡിൽ ആണവശേഷിയുള്ള രാജ്യാന്തര ബാലിസ്റ്റിക് മിസൈലുകൾ അണിനിരത്തിയ റഷ്യ പക്ഷേ, യുദ്ധവിമാനങ്ങളുടെ വ്യോമപ്രദർശനം ഒഴിവാക്കി. ദിവസങ്ങൾക്കു മുമ്പ് ക്രെംലിനു മേൽ ഡ്രോൺ പൊട്ടിത്തെറിച്ച പശ്ചാത്തലത്തിലായിരുന്നു മാറ്റിവെക്കൽ. നാസികൾക്കെതിരെ പൊരുതിയ സൈനികരുടെ ചിത്രങ്ങളുമായി ബന്ധുക്കൾ നടത്തുന്ന പ്രകടനവും ഇത്തവണയുണ്ടായില്ല. എന്നാൽ, ടി-34 ടാങ്ക് അടക്കം രണ്ടാം ലോകയുദ്ധകാലത്തെ ആയുധങ്ങൾ അണിനിരത്തിയത് ശ്രദ്ധേയമായി.
മേയ് ഒമ്പതിനായിരുന്നു യുക്രെയ്നും വിജയദിനം ആഘോഷിക്കാറെങ്കിലും ഇത്തവണ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഒരു ദിവസം നേരത്തേയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.