അമേരിക്കയുടെ ഡ്രോൺ തകർത്ത് റഷ്യന്‍ ജെറ്റ്; ദൃശ്യം പുറത്ത്
text_fieldsകിയവ്: തങ്ങളുടെ നിരീക്ഷണ ഡ്രോൺ കഴിഞ്ഞ ദിവസം റഷ്യന്‍ എസ്.യു-27 ജെറ്റ് തകർക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തുവിട്ട് അമേരിക്ക. കരിങ്കടലിന് മുകളിലെ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പറക്കുന്നതിനിടെയാണ് സംഭവം. 42 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ പെന്റഗൺ ആണ് പുറത്തുവിട്ടത്. എസ്.യു-27 യു.എസിന്റെ എം.ക്യൂ-9 ഡ്രോണിന്റെ പുറകുവശത്തെത്തി ഇന്ധനം വീഴ്ത്തുന്ന ദൃശ്യമാണ് ഉള്ളത്. ഇന്ധനം വീഴ്ത്തുന്നതിന് മുമ്പോ ശേഷമോ ഉള്ള ദൃശ്യങ്ങൾ ലഭ്യമല്ല.
ഡ്രോണിലെ കാഴ്ച രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ മറയ്ക്കാനും മേഖലയിൽനിന്ന് തുരത്താനും വേണ്ടിയുള്ള ബോധപൂർവമായ പ്രവൃത്തിയാണിതെന്ന് യു.എസ് സൈന്യം ആരോപിച്ചു.
വിഷയം യു.എസ് പ്രതിരോധകാര്യ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലിയും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു, സൈനിക മേധാവി ജനറൽ വലേറി ഗെറാസിമോവ് ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചിട്ടുണ്ട്.
(video: The Sun)
യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ ക്രെംലിൻ ഏർപ്പെടുത്തിയ നിയന്ത്രണം മറികടന്നുള്ള യു.എസ് നടപടി പ്രകോപനപരമായിരുന്നു എന്നാണ് റഷ്യ പറയുന്നത്. റഷ്യൻ ഫെഡറേഷന്റെ താൽപര്യങ്ങൾക്ക് എതിരായ ഇന്റലിജൻസ് പ്രവർത്തനങ്ങളാണിതെന്നും റഷ്യ വ്യക്തമാക്കി. തങ്ങളുടെ യുദ്ധവിമാനം യു.എസ് ഡ്രോണിൽ ഇടിച്ചിട്ടില്ലെന്ന് റഷ്യ കഴിഞ്ഞ ദിവസം തറപ്പിച്ചു പറഞ്ഞിരുന്നു.
ക്രിമിയക്ക് സമീപം കടന്നുകയറുന്നത് തടയാൻ ശ്രമിച്ച റഷ്യൻ യുദ്ധവിമാനങ്ങളുമായി കൂട്ടിയിടിച്ച് ഡ്രോൺ വെള്ളത്തിലേക്ക് വീഴുകയാണുണ്ടായത് എന്നായിരുന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. 2014ൽ യുക്രെയ്നിൽനിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിന് സമീപമാണ് ഡ്രോൺ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.