മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ വ്യോമപാത അടച്ചു; റഷ്യൻ വിദേശകാര്യ മന്ത്രിയുടെ യാത്ര റദ്ദാക്കി
text_fieldsമോസ്കോ/കിയവ്: മൂന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ വ്യോമപാത അടച്ചതിനെ തുടർന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ സെർബിയ സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ട്.
ലാവ്റോവ് തിങ്കളാഴ്ച സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ എത്തേണ്ടതായിരുന്നു. വടക്കൻ മാസിഡോണിയ, ബൾഗേറിയ, മോണ്ടിനെഗ്രോ എന്നിവയാണ് ലാവ്റോവിന്റെ വിമാനം രാജ്യത്ത് കടക്കുന്നത് തടഞ്ഞതെന്ന് സെർബിയൻ ദിനപത്രമായ വെസെൻജെ നോവോസ്റ്റി റിപ്പോർട്ട് ചെയ്തു. നയതന്ത്ര വൃത്തങ്ങൾ സെർബിയൻ മാധ്യമ റിപ്പോർട്ട് സ്ഥിരീകരിച്ചതായും റഷ്യൻ വാർത്ത ഏജൻസിയായ 'ഇന്റർഫാക്സ്' അറിയിച്ചു.
വ്യോമാതിർത്തി നിരോധനത്തെ 'ശത്രുതാപരമായ നടപടി' എന്നാണ് മോസ്കോ വിശേഷിപ്പിച്ചത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് യൂറോപ്യൻ യൂനിയനും റഷ്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു. എന്നാൽ, റഷ്യയുമായി അടുത്ത സാംസ്കാരിക ബന്ധമുള്ള സെർബിയ മോസ്കോക്കെതിരായ പാശ്ചാത്യ ഉപരോധത്തിൽ പങ്കുചേർന്നിരുന്നില്ല.
സെർബിയക്ക് പ്രകൃതി വാതകം നൽകുന്നത് തുടരാൻ റഷ്യ കഴിഞ്ഞമാസം സമ്മതിച്ചിരുന്നു. അതേസമയം, റൂബിളിൽ പണം നൽകാൻ വിസമ്മതിച്ചതിനാൽ മറ്റ് രാജ്യങ്ങൾക്ക് റഷ്യ പ്രകൃതി വാതക വിതരണം നിർത്തി.
അതിനിടെ, യു.എസുമായി ചേർന്ന് 80 കിലോമീറ്റർ ലക്ഷ്യത്തിലെത്താൻ ശേഷിയുള്ള എം 270 റോക്കറ്റ് സംവിധാനങ്ങൾ യുക്രെയ്ന് നൽകുമെന്ന് യു.കെ വ്യക്തമാക്കി. അതേസമയം, യുക്രെയ്ന് പുതിയ ദീർഘദൂര മിസൈലുകൾ ലഭിച്ചാൽ 'ഇതുവരെ ആക്രമിച്ചിട്ടില്ലാത്ത ലക്ഷ്യങ്ങൾ ആക്രമിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി.
സെവെറോഡോനെറ്റ്സ്കിന്റെ സ്ഥിതി വീണ്ടും വഷളായതായി ലുഹാൻസ്ക് ഗവർണർ വ്യക്തമാക്കി. യുക്രെയ്ൻ സൈന്യം സെവെറോഡോനെറ്റ്സ്കിന്റെ പകുതിയോളം നിയന്ത്രണം വീണ്ടെടുത്തതായി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.
റഷ്യ ഡോൺബാസിനെ ആക്രമിക്കുന്നത് തുടരുന്നതിനാൽ, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സപോരിഷ്യ ,സോളേഡാർ, ഡൊനെറ്റ്സ്ക്, ലിസിചാൻസ്ക്, ലുഹാൻസ്ക് മേഖലകളിലെ സൈനികരെ സന്ദർശിച്ചു.
കിഴക്കൻ യുക്രെയ്നിൽ റഷ്യൻ മേജർ ജനറൽ റോമൻ കുട്ടുസോവ് കൊല്ലപ്പെട്ടതായി റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.