യൂറോപ്പിലേക്ക് റഷ്യൻ ഗ്യാസ് കയറ്റുമതി നിർത്തി യുക്രെയ്ൻ
text_fieldsകിയവ്: യുക്രെയ്നിലെ പൈപ് ലൈൻ ശൃംഖല വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റഷ്യൻ ഗ്യാസ് കയറ്റുമതി അവസാനിപ്പിച്ച് സെലൻസ്കി സർക്കാർ. കഴിഞ്ഞ വർഷാവസാനത്തോടെ റഷ്യയുമായി കരാർ കാലാവധി അവസാനിച്ചിരുന്നു. പുതുക്കാതെ വന്നതോടെയാണ് ഇതുവഴി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് ഗ്യാസ് കടത്ത് നിലച്ചത്. 2022ൽ റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം വിവിധ രാജ്യങ്ങൾ ഘട്ടംഘട്ടമായി റഷ്യൻ ഗ്യാസ് ഉപേക്ഷിച്ചിട്ടുണ്ട്. െസ്ലാവാക്യ അടക്കം രാജ്യങ്ങളാണ് തുടർന്നും ഈ പൈപ് ലൈൻ ഉപയോഗിച്ചിരുന്നത്. എന്നാൽ, കരാർ പൂർത്തിയാകുന്ന മുറക്ക് പൂർണമായി ഇത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ മാസം സെലൻസ്കി പ്രഖ്യാപിച്ചിരുന്നു. കരാർ പുതുക്കാത്തതിനാൽ ഇനി യുക്രെയ്ൻ വഴി ഗ്യാസ് കടത്തില്ലെന്ന് റഷ്യൻ കമ്പനിയായ ഗ്യാസ്പ്രോം അറിയിച്ചു.
യുക്രെയ്ൻ കൂടി ഭാഗമായ സോവിയറ്റ് യൂനിയനാണ് ഈ പൈപ് ലൈൻ സ്ഥാപിച്ചിരുന്നത്. രണ്ടു രാജ്യങ്ങളായ ശേഷം കടത്തിന് ഫീസ് നൽകി റഷ്യ പൈപ് ലൈൻ ഉപയോഗിച്ചു. ബാൾട്ടിക് കടൽ വഴി, ബെലറൂസ്- പോളണ്ട് വഴി, തുർക്കിയ- ബൾഗേറിയ വഴി എന്നിങ്ങനെ മൂന്ന് പൈപ് ലൈനുകൾ വേറെയും റഷ്യ ഗ്യാസ് അയക്കുന്നുണ്ട്. എന്നാൽ, റൂബിളിൽ തുക അടക്കണമെന്ന നിബന്ധന പാലിക്കാതെ വന്നതിനെ തുടർന്ന് ബാൾട്ടിക്, ബെലറൂസ് പൈപ് ലൈനുകൾ വഴിയുള്ള ഗ്യാസ് കടത്ത് റഷ്യ നേരത്തെ ഏറക്കുറെ നിർത്തിയിരുന്നു. അട്ടിമറിയെ തുടർന്ന് ബാൾട്ടിക് പൈപ് ലൈനും മുടങ്ങി. ഇതിനു പിന്നാലെയാണ് ഇതും അവസാനിക്കുന്നത്. നിലവിൽ റഷ്യക്കുപകരം ജർമനി അടക്കം രാജ്യങ്ങൾക്ക് ഗ്യാസ് നൽകുന്നത് നോർവേ, യു.എസ് എന്നിവയാണ്. 2027ഓടെ റഷ്യയുടെ ഗ്യാസ് പൂർണമായി അവസാനിപ്പിക്കാനാണ് നേരത്തെ പദ്ധതി.
മറ്റു രാജ്യങ്ങൾ റഷ്യയുമായി നേരത്തെ ഇടപാട് അവസാനിപ്പിച്ചതിനാൽ ചെറുകിട രാജ്യമായ മൾഡോവ ആണ് പ്രധാനമായി പ്രതിസന്ധിയിലാവുക. ഇപ്പോഴും റഷ്യൻ ഗ്യാസ് ഉപയോഗിക്കുന്ന ഹംഗറി, സെർബിയ അടക്കം രാജ്യങ്ങൾക്ക് തുർക്ക് സ്ട്രീം പൈപ് ലൈൻ വഴി അയക്കാനാകും. യുക്രെയിനിത് വിജയമുഹൂർത്തമാണെങ്കിലും റഷ്യയുടെ വില കുറഞ്ഞ ഗ്യാസ് നിലക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ വിലക്കയറ്റത്തിനിടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.