റഷ്യൻ മാധ്യമപ്രവർത്തകനെ സൈപ്രസ് അറസ്റ്റ് ചെയ്തു
text_fieldsനിക്കോസിയ: റഷ്യൻ മാധ്യമപ്രവർത്തകനെ സൈപ്രസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ വാക്പോര്. സുരക്ഷാകാരണങ്ങളാലാണ് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തതെന്ന് സൈപ്രസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ സൈപ്രസ് സർക്കാർ മാപ്പുപറയണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
റസിഡൻസി പെർമിറ്റ് റദ്ദാക്കി റഷ്യൻ മാധ്യമപ്രവർത്തകനെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചതായി ഔദ്യോഗിക മാധ്യമമായ സി.വൈ.ബി.സി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയാണ് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത്. അതേസമയം, ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തതെന്ന റഷ്യയുടെ ആരോപണം സൈപ്രസ് അധികൃതർ നിഷേധിച്ചു. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകൻ ചെറുത്തുനിൽക്കുകയാണ് ചെയ്തതെന്നും അധികൃതർ പറഞ്ഞു.
പ്രശ്നപരിഹാരത്തിന് റഷ്യൻസർക്കാറുമായി ചർച്ച നടത്തി വരുകയാണെന്ന് സൈപ്രസ് വിദേശകാര്യ വക്താവ് തിയോഡോറസ് ഗോട്സിസ് പറഞ്ഞു. റോസിസ്കയ ഗസറ്റ പത്രത്തിന്റെ റിപ്പോർട്ടർ അലക്സാണ്ടർ ഗസ്യൂക് ആണ് അറസ്റ്റിലായതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ റിയ നൊവോസ്തി പറഞ്ഞു. ഇദ്ദേഹം ഇതിനകം റഷ്യയിൽ തിരിച്ചെത്തിയതായും റിപ്പോർട്ടുകളുണ്ട്. അറസ്റ്റിനിടെ ഇദ്ദേഹത്തിന്റെ കൈക്ക് പരിക്കേറ്റതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന റഷ്യൻ നയതന്ത്രപ്രതിനിധിക്കും പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.