യുക്രെയ്ൻ കുട്ടികളെ സഹായിക്കുന്നതിന് നോബൽ സമ്മാനം വിറ്റ് റഷ്യൻ പത്ര പ്രവർത്തകൻ
text_fieldsന്യൂയോർക്ക്: യുക്രെയ്നിലെ യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നോബൽ സ്വർണ മെഡൽ ലേലം ചെയ്ത് സ്വതന്ത്ര പത്രമായ നോവയ ഗസറ്റയുടെ റഷ്യൻ ചീഫ് എഡിറ്റർ ദിമിത്രി മുറാറ്റോവ്. 103 മില്യൺ ഡോളറിനാണ് അദ്ദേഹം തന്‍റെ സ്വർണ മെഡൽ ലേലം ചെയ്തത്.
2021ൽ ഫിലിപ്പീൻസിലെ പത്ര പ്രവർത്തകയായ മരിയ റെസ്സക്കൊപ്പമാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങൾക്കാണ് പുരസ്കാരം നൽകി ആദരിച്ചത്. 1993ൽ സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷം നോവയ ഗസറ്റ സ്ഥാപിച്ച ഒരു കൂട്ടം പത്രപ്രവർത്തകരിൽ മുറാറ്റോവും ഉൾപ്പെടുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെയും രാജ്യത്തിന് അകത്തും പുറത്തമുള്ള അദ്ദേഹത്തിന്‍റെ തന്ത്രങ്ങളെയും വിമർശിച്ച ഒരേയൊരു പ്രധാന പത്രമായിരുന്നു നോവയ ഗസറ്റ.
യുക്രെയ്നെതിരായ റഷ്യയുടെ ആക്രമണങ്ങളെ വിമർശിക്കുന്നവർക്കെതിരെ ജയിൽ ശിക്ഷയുൾപ്പടെ നൽകാവുന്ന നിയമത്തിന് റഷ്യ അംഗീകാരം നൽകിയതോടെയാണ് നോവയ ഗസറ്റ റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. ലേലത്തിൽ നിന്ന് ലഭിച്ച വരുമാനങ്ങളെല്ലാം യുക്രെയ്നിലെ കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി യുനിസെഫിന് കൈമാറുമെന്ന് മുറാറ്റോവ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ ട്രെയിനിൽ വെച്ച് മുറാറ്റോവ് ആക്രമിക്കപ്പെട്ടിരുന്നു. 2000 മുതൽ നോവയ ഗസറ്റയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അവരുടെ ആറ് പത്ര പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സഹപ്രവർത്തകരുടെ സ്മരണക്ക് വേണ്ടിയാണ് മുറാറ്റോവ് തന്‍റെ നോബൽ സമ്മാനം സമർപ്പിച്ചത്. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ നമ്മൾ സഹായിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് എല്ലാവർക്കുമായി നൽകാൻ ആഗ്രഹിക്കുന്നതെന്ന് മുറാറ്റോവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.