മാതൃരാജ്യത്തിന്റെ ഭാവിക്കായുള്ള പോരാട്ടമാണ് യുക്രെയ്നിൽ നടത്തുന്നതെന്ന് പുടിൻ
text_fieldsമോസ്കോ: മാതൃരാജ്യത്തിന്റെ ഭാവിക്കായുള്ള പോരാട്ടമാണ് യുക്രെയ്നിൽ റഷ്യ നടത്തുന്നതെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനിയെ പരാജയപ്പെടുത്തിയതിന്റെ സ്മരണ പുതുക്കുന്ന വിജയദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ ഉടനീളം പുടിൻ റഷ്യൻ അധിനിവേശത്തെ ന്യായീകരിച്ചു.
ഉന്നത റഷ്യൻ സൈനികരോടൊപ്പമുള്ള വേദിയിൽ, യുക്രെയ്ൻ സർക്കാറിനെ നിയന്ത്രിച്ചത് നിയോ-നാസികൾ ആണെന്നും യുക്രെയ്നിലുള്ളത് ഫാഷിസ്റ്റുകളാണെന്നും പറഞ്ഞു. നാറ്റോക്കെതിരെ ആഞ്ഞടിച്ച പുടിൻ, അവർ ഡോൺബസ് വഴി റഷ്യക്കെതിരായ പടനീക്കത്തിന് കോപ്പുകൂട്ടുകയായിരുന്നു എന്ന് ആരോപിച്ചു. റഷ്യയോടു ചേർന്ന പ്രദേശങ്ങളിൽ നാറ്റോ നിലയുറപ്പിക്കാൻ ശ്രമിച്ചു. അത് കടുത്ത ഭീഷണിയായിരുന്നു. യുക്രെയ്നിൽ കൊല്ലപ്പെട്ടവരും മുറിവേറ്റവരുമായ റഷ്യക്കാർക്ക് പ്രത്യേക പിന്തുണ നൽകും. റഷ്യൻ വിജയം അനിവാര്യമാണെന്നു പറഞ്ഞ് പുടിൻ പ്രസംഗം അവസാനിപ്പിക്കുമ്പോൾ വൻ കൈയടിയുണ്ടായി. യുക്രെയ്ൻ യുദ്ധപദ്ധതിയിൽ കാര്യമായ നയം മാറ്റമുണ്ടാകുമെന്നും അത് പുടിൻ പ്രഖ്യാപിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആ വഴിക്ക് ഒന്നും നടന്നില്ല. 11,000 സേനാംഗങ്ങളും 131 കവചിത വാഹനങ്ങളും അണിനിരന്നു.
വിജയദിന പരേഡിന് മുന്നോടിയായി റെഡ് സ്ക്വയറിൽ യുദ്ധവിമാനങ്ങൾ 'Z' അടയാളത്തിൽ പറന്നു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യം ഉപയോഗിക്കുന്ന ചിഹ്നമാണ് 'ഇസെഡ്'. നാസികൾക്കു മേലുള്ള വിജയദിനത്തിൽ, റഷ്യക്ക് കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് ആവർത്തിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി രംഗത്തെത്തി. ഒരിഞ്ച് ഭൂമിയും വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, യുക്രെയ്ൻ നഗരമായ സൊലോടെയിലെ യു.എസ് നിർമിത റഡാർ സ്റ്റേഷൻ റഷ്യ തകർത്തു. ആയുധം വഹിച്ചുള്ള നാറ്റോ വാഹനങ്ങളെ ലക്ഷ്യമിടുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.