കൂടുതൽ നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യ; വ്യോമാക്രമണം കടുപ്പിച്ചു
text_fieldsകിയവ്: യുദ്ധം മൂന്നാംവാരത്തിലേക്ക് കടക്കവെ, യുക്രെയ്നിലെ കൂടുതൽ നഗരങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമാക്കി റഷ്യ. ലുട്സ്ക്, ഇവാനോ-ഫ്രാങ്കിവ്സ്ക്, ഡ്നിപ്രോ നഗരങ്ങളിലാണ് ആക്രമണം കടുപ്പിച്ചത്. യുക്രെയ്നിൽ അധിനിവേശം തുടങ്ങിയതിനുശേഷം ആദ്യമായാണ് റഷ്യ ഈ നഗരങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ ഷൂ ഫാക്ടറി, കിന്റർഗാർട്ടൻ, ജനവാസ മേഖലകൾ എന്നിവ തകർന്നു. ഡ്നിപ്രോയിൽ കനത്ത വ്യോമാക്രമണം നടക്കുന്നതായി യുക്രെയ്ൻ വൃത്തങ്ങളും സ്ഥിരീകരിച്ചു. ലുട്സ്കിൽ രണ്ടു യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഷ്യൻപട കിയവിന് അഞ്ചു കിലോമീറ്റർ അടുത്തെത്തിയതായും റിപ്പോർട്ടുണ്ട്. യു.എസ് ഇന്റലിജൻസാണ് കിയവിനു സമീപത്തെ റഷ്യൻസേനയുടെ ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവിട്ടത്. യുദ്ധമുഖത്തുനിന്ന് പലായനം ചെയ്തവരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായി യു.എൻ റിപ്പോർട്ട് ചെയ്തു. മരിയുപോളിൽനിന്നടക്കം കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.
യുക്രെയ്നെതിരെ പോരാടാൻ സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള സന്നദ്ധ സൈനികരെ കൂടെ ചേർക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അനുമതി നൽകി. ഡൊൺബസിലെ സന്നദ്ധ സേവനത്തിന് 16,000 അപേക്ഷയാണ് ലഭിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു. സാമ്പത്തിക ലാഭം ആഗ്രഹിക്കാതെ സ്വന്തം ഇഷ്ട പ്രകാരം തയ്യാറാകുന്ന ആരെയെങ്കിലും കാണുന്നുണ്ടെങ്കിൽ ആവശ്യമായ സഹായങ്ങൾ നൽകണമെന്നും സംഘർഷ മേഖലയിലേക്ക് പോകാൻ സഹായിക്കണമെന്നും പുടിന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്.
യുക്രെയ്നിൽ കൊല്ലപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇതുവരെയായി 549 സിവിലിയൻമാർ കൊല്ലപ്പെടുകയും 957 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആരോഗ്യകേന്ദ്രങ്ങൾ, ജീവനക്കാർ, വാഹനങ്ങൾ എന്നിവ ലക്ഷ്യമിട്ട് 29 ആക്രമണങ്ങൾനടന്നതായി ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ 12 പേർക്ക് ജീവൻനഷ്ടമായി. 34 പേർക്ക് പരിക്കേറ്റു. മരിയുപോളിലെ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ ബുധനാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു.
ആളുകളെ കൊന്നൊടുക്കാനായി യുക്രെയ്ൻ രാസായുധങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്ന റഷ്യൻ ആരോപണം പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി നിഷേധിച്ചു. 'മികച്ച ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റാണ് ഞാൻ. മാത്രമല്ല, രണ്ടു കുട്ടികളുടെ പിതാവുമാണ്. രാസായുധങ്ങളോ അതുപോലെ വലിയതോതിൽ ആളുകളെ കൊല്ലുന്ന മറ്റെന്തെങ്കിലും ആയുധങ്ങളോ ഞങ്ങളുടെ രാജ്യം വികസിപ്പിച്ചിട്ടില്ല' -വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വിഡിയോയിൽ സെലൻസ്കി പറഞ്ഞു. യുക്രെയ്നിൽ നിന്ന് പറന്ന ഡ്രോൺ ക്രൊയേഷ്യൻ തലസ്ഥാനമായ സഗ്രേബിൽ തകർന്നുവീണു. സംഭവസ്ഥലത്ത് സ്ഫോടനമുണ്ടായെങ്കിലും ആളപായമില്ല. ഇതെ കുറിച്ച് അന്വേഷണം നടത്തുമെന്നും ക്രൊയേഷ്യ അറിയിച്ചു.
സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ചൈന
ബെയ്ജിങ്: യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, റഷ്യക്കെതിരെ യു.എസും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ചുമത്തിയത് അദ്ദേഹം വിമർശിച്ചു. ഉപരോധം കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞ ലോക സമ്പദ്‍വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.