യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം: ആറു വയസ്സുകാരനടക്കം 51 പേർ കൊല്ലപ്പെട്ടു
text_fieldsകിയവ്: വടക്കു കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ഖാർകിവ് മേഖലയിലെ പിയാൻസ്കിനടുത്തുള്ള ഹ്രോസ ഗ്രാമത്തിൽ പ്രാദേശിക സമയം ഉച്ചക്ക് 1.15നാണ് സംഭവം. പ്രദേശവാസിയുടെ മരണത്തെ തുടർന്ന് ഗ്രാമത്തിലെ കഫേയിൽ ഒത്തുചേർന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.
മരിച്ചവരിൽ ആറു വയസ്സുള്ള ആൺകുട്ടിയുമുണ്ട്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം സിവിലിയന്മാർക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ഹ്രോസയിൽ സൈനിക കേന്ദ്രങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും പൗരൻമാരെ ഭയപ്പെടുത്താനുള്ള ഹീനകൃത്യമാണ് റഷ്യ നടത്തിയതെന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പരമാവധി ആളപായം ഉറപ്പാക്കാൻ ഉച്ചഭക്ഷണസമയത്ത് റഷ്യൻ തീവ്രവാദികൾ മനഃപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നും മന്ത്രാലയം എക്സിൽ കുറിച്ചു. റഷ്യ നടത്തുന്നത് വംശഹത്യയാണെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
ആക്രമണത്തെ യു.എൻ ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റർ ഡെനിസ് ബ്രൗൺ അപലപിച്ചു. സിവിലിയന്മാർക്ക് നേരെ മനഃപൂർവം ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ധാന്യ കയറ്റുമതി ഇടനാഴിയും നിർണായകമായ കേന്ദ്രങ്ങളും സംരക്ഷിക്കാനായി ആറ് വ്യോമ പ്രതിരോധ സംവിധാനങ്ങൾകൂടി യുക്രെയ്‌നിന് നൽകുമെന്ന് സ്പെയിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.