സെലൻസ്കിയുടെ വാഹനവ്യൂഹത്തിന് സമീപം റഷ്യൻ ആക്രമണം
text_fieldsമോസ്കോ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ വാഹനവ്യൂഹത്തിന് സമീപം റഷ്യൻ ആക്രമണം. സെലൻസ്കിയും ഗ്രീക്ക് പ്രസിഡന്റ് കിരിയാക്കോസ് മിത്സോതാകിസും ഒഡേസ നഗരത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
അതേസമയം, ആക്രമണത്തിൽ രണ്ട് നേതാക്കൾക്കും പരിക്കേറ്റിട്ടില്ല. ഇരുവരുടേയും വാഹനവ്യൂഹത്തിന് 500 മീറ്റർ അകലെ മാത്രമാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്ന് ഒരു ആക്രമണം ഉണ്ടായെന്ന് സംഭവത്തിന് പിന്നാലെ സെലൻസ്കി പ്രതികരിച്ചു. എവിടെയാണ് ആക്രമണം നടത്തുന്നതെന്ന് അവർക്ക് അറിയില്ല. ആക്രമണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ല. ആക്രമണത്തിൽ ആളുകൾ മരിച്ചുവെന്നും പരിക്കേറ്റുവെന്നും അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ കാറുകളിൽ കയറിയതിന് പിന്നാലെ വലിയ സ്ഫോടന ശബ്ദം കേട്ടുവെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസും പറഞ്ഞു. യുദ്ധം നടക്കുന്നുണ്ടെന്ന ഓർമപ്പെടുത്തലായിരുന്നു സ്ഫോടനം. യുദ്ധം എപ്പോഴും നടക്കുന്നുണ്ട്. സൈനികരും സാധാരണക്കാരായ ജനങ്ങളുമാണ് യുദ്ധത്തിന്റെ കെടുതികൾ കൂടുതൽ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ് ഒഡേസ. ഇവിടെ കടുത്ത ആക്രമണമാണ് ഇപ്പോൾ റഷ്യ നടത്തുന്നത്.
ക്രിമിയയിലെ കെർച്ച് കടലിടുക്കിൽ റഷ്യൻ യുദ്ധക്കപ്പലായ സെർജി കോട്ടോവ് തകർത്തതായി യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. ഡ്രോണുകൾ ഒന്നിനു പിറകെ ഒന്നായി പതിച്ച് വൻ സ്ഫോടനമുണ്ടാകുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.