ഒഡേസയിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി റഷ്യ
text_fieldsകിയവ്: യുക്രെയ്ൻ കിഴക്കൻ നഗരമായ ഒഡേസയിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി റഷ്യ. യുദ്ധത്തിന് ശേഷം യുക്രെയ്നിൽ നിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ സഹകരിക്കാമെന്ന് റഷ്യ കരാറാക്കിയതിന് ശേഷമാണ് അടുത്ത ആക്രമണം നടത്തിയത്. ആക്രമണം അപരിഷ്കൃതവും ലജ്ജാവഹവുമാണെന്നും മോസ്കൊയെ വിശ്വസിക്കരുതെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി ആഞ്ഞടിച്ചു.
എന്നാൽ, ആക്രമണത്തിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചു. ക്രിമിയക്കടുത്തുള്ള കരിങ്കടലിൽ തമ്പടിച്ച യുദ്ധക്കപ്പലിൽ നിന്നാണ് മിസൈലുകൾ വന്നതെന്ന് യുക്രെയ്ൻ വ്യോമസേന വക്താവ് യൂറി ഇഗ്നത് പറഞ്ഞു. സംഭവത്തെ യുനൈറ്റഡ് നേഷൻസ്, അമേരിക്ക, യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു.
ധാന്യങ്ങളുടെ കയറ്റുമതി തുടരുമെന്ന് യുക്രെയ്ൻ അറിയിച്ചു. കരിങ്കടൽ വഴിയായിരിക്കും ഇത്. അധിനിവേശത്തിന് ശേഷം യുക്രെയ്നിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് റഷ്യ തടസ്സപ്പെടുത്തിയിരുന്നു. കയറ്റുമതിക്കായി പ്രധാനമായും യുക്രെയ്ൻ ഉപയോഗിച്ചിരുന്ന കരിങ്കടൽ മാർഗം റഷ്യ തടഞ്ഞതാണ് പ്രധാന കാരണം. ജൂലൈയിൽ തുർക്കിയുടെ മധ്യസ്ഥതയിൽ യു.എന്നിൽ ഇക്കാര്യം ചർച്ച നടത്തുകയും കയറ്റുമതിക്ക് റഷ്യ സഹകരിക്കാമെന്ന് കരാറാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.