റഷ്യയെ യുദ്ധകുറ്റ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ
text_fieldsകിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിലും മറ്റ് പ്രദേശങ്ങളിലും റഷ്യൻ സേന യുദ്ധക്കുറ്റങ്ങൾ ചെയ്തിന് തെളിവുകൾ കണ്ടെത്തിയതായി ആംനസ്റ്റി ഇന്‍റർനാഷണൽ. നിയമവിരുദ്ധമായ ആക്രമണങ്ങളും സാധാരണക്കാരെ കൂട്ടത്തോടെ കൊലപ്പെടുത്തിയതുമുൾപ്പെടെ റഷ്യൻ സേന നടത്തിയ ക്രൂരമായ കുറ്റകൃത്യങ്ങളിൽ സംഘടന തെളിവുകൾ രേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉത്തരവിട്ടവരുൾപ്പടെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് പറഞ്ഞു.
ബുച്ചയുൾപ്പടെയുള്ള കിയവിന് സമീപമുള്ള എട്ട് പ്രദേശങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിച്ചതായി സംഘടന അറിയിച്ചു. റഷ്യൻ സേന ബുച്ചയിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം നിരവധി മൃതദേഹങ്ങളാണ് ബുച്ചയിലെ തെരുവുകളിൽ നിന്ന് കണ്ടെത്തിയത്. ഇവയിൽ പലതും കൈകൾ പിന്നിൽ കൂട്ടികെട്ടിയ നിലയിലും കൂട്ടകുഴിമാടങ്ങളിലുമായിരുന്നു. ബുച്ചയിൽ നിന്ന് 1,235 സാധാരണക്കാരുടെ മൃതദേഹങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയതെന്ന് കിയവ് ഗവർണർ അലക്സാണ്ടർ പാവ്‌ലിയുക്ക് പറഞ്ഞു.
ബുച്ചയിൽ കണ്ടെത്തിയ കൂട്ടകുഴിമാടങ്ങളിൽ റഷ്യ വ്യാപകമായി ആരോപണവിധേയരായെങ്കിലും തങ്ങളുടെ ലക്ഷ്യം യുക്രെയ്നിലെ സൈനിക കേന്ദ്രങ്ങൾ മാത്രമാണെന്നും ആരോപണങ്ങളെല്ലാം വ്യാജമാണെന്നും റഷ്യ ആവർത്തിച്ചു.
"അന്വേഷണത്തിനായി ബുച്ച സന്ദർശിച്ചപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ നിരവധി ആളുകളെയാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ആക്രമണങ്ങൾ ഇവരുടെ ജീവിതത്തെയാകെ മാറ്റി മറിച്ചു"- കാലമർഡ് പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള യുക്രെയ്ൻ ജനതയുടെ ആവശ്യത്തെ തങ്ങൾ പിന്തുണക്കുന്നു. ഭാവിയിലെ വിചാരണ നടപടിയിൽ പ്രോസിക്ക്യൂഷനെ സഹായിക്കുന്നതിന് തെളിവുകൾ സംരക്ഷിക്കപ്പെടുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയും യുക്രെയ്ൻ അധികാരികളും ഉറപ്പ് വരുത്തണമെന്ന് കാലമർഡ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.