റഷ്യൻ അധിനിവേശം: യുക്രെയ്നിൽ 40 ശതമാനവും മാനുഷിക സഹായം വേണ്ടവരെന്ന് യു.എൻ
text_fieldsയുനൈറ്റഡ് നാഷൻസ്: 20 മാസത്തിലേറെയായി തുടരുന്ന റഷ്യൻ അധിനിവേശം സൃഷ്ടിച്ച ഭീകരമായ യുദ്ധ സാഹചര്യങ്ങൾ യുക്രെയ്നിലെ 40 ശതമാനം ജനങ്ങളെയും മാനുഷിക സഹായം വേണ്ടവരാക്കിമാറ്റിയെന്ന് യു.എൻ. 2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തെ തുടർന്ന് ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത് 9900 സിവിലിയന്മാരുടെയാണ്. വീടുകൾ, സ്കൂളുകൾ, വയലുകൾ, അങ്ങാടികൾ എന്നിവക്കേറ്റ നാശം അനേക ഇരട്ടിയാണ്. കടുത്ത മാനുഷിക ദുരന്തത്തിന് നടുവിലാണ് യുക്രെയ്നിലെ സിവിലിയന്മാരെന്നും ഏകദേശം 1.8 കോടി പേർ ഏതെങ്കിലും തലത്തിൽ സഹായം ആവശ്യമായവരാണെന്നും യു.എൻ ജീവകാരുണ്യ ഓഫിസ് ഏകോപന ഡയറക്ടർ രമേശ് രാജസിംഹം പറഞ്ഞു.
അടിസ്ഥാന സൗകര്യരംഗത്ത് നേരിട്ട വൻനാശങ്ങൾ വൈദ്യുതി, ജലം, വാർത്താവിനിമയം തുടങ്ങിയ സേവനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ശൈത്യകാലം അടുത്തെത്തിനിൽക്കെ ഇവയുടെ അഭാവം പലയിടത്തും ദുരന്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുക്രെയ്നിലെ വൈദ്യുതിനിലയങ്ങൾ പോലുള്ള കേന്ദ്രങ്ങൾക്കുനേരെ റഷ്യൻ മിസൈലുകളും ഡ്രോണുകളും നടത്തിയ ആക്രമണങ്ങൾ വലിയ നഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പല മേഖലകളിലും വൈദ്യുതി മുടക്കം തുടർക്കഥയായി മാറി. ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾക്കു നേരെയും വൻതോതിൽ ആക്രമണം നടന്നു. 1,300 ഓളം തവണയാണ് ആരോഗ്യ രംഗത്തെ സ്ഥാപനങ്ങൾക്കു നേരെ ആക്രമണമുണ്ടായത്. ഈ മേഖലയിലെ 111 പേർ വധിക്കപ്പെട്ടു. 13 ആരോഗ്യപരിചരണ സ്ഥാപനങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നു. രാജ്യത്ത് 500ലേറെ ജീവകാരുണ്യ സംഘടനകൾ സഹായങ്ങൾ ചെയ്തുവരുന്നുണ്ടെന്നും യു.എൻ പ്രതിനിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.