ഞെട്ടിക്കുന്ന വിലക്കുറവിൽ ഇന്ത്യക്ക് എണ്ണ നൽകാമെന്ന് റഷ്യൻ കമ്പനികൾ; തിടുക്കത്തിൽ തീരുമാനമെടുക്കാതെ ഇന്ത്യ
text_fieldsയുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്രതലത്തിൽ റഷ്യ വൻ ഉപരോധങ്ങൾ നേരിടുന്നതിനിടെ, ഇന്ത്യക്ക് വൻ വിലക്കുറവിൽ അസംസ്കൃത എണ്ണ നൽകാമെന്ന വാഗ്ദാനവുമായി റഷ്യൻ എണ്ണക്കമ്പനികൾ. 27 ശതമാനം വരെ വിലക്കുറവിൽ എണ്ണ നൽകാമെന്നാണ് റഷ്യൻ കമ്പനികൾ വാഗ്ദാനം നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുക്രെയ്ൻ വിഷയത്തിൽ തങ്ങളോട് അനുഭാവപൂർണമായ നിലപാട് കൈക്കൊള്ളുന്ന ഇന്ത്യയെ കൂടുതൽ ആകർഷിക്കാനും ഉപരോധ ഭീഷണി മറികടക്കാനും റഷ്യയുടെ നീക്കം. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
യുക്രെയ്നുമായി യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യക്ക് യൂറോപ്യൻ യൂണിയന്‍റെയും യു.എസിന്‍റെയും നേതൃത്വത്തിൽ ലോകരാഷ്ട്രങ്ങൾ സമസ്ത മേഖലകളിലും ഉപരോധം ഏർപ്പെടുത്തിയതോടെ എണ്ണവില വൻ കുതിപ്പിലാണ്. 14 വർഷത്തിനിടയിലെ ഏറ്റവുമുയർന്ന വിലയായ ബാരലിന് 139 ഡോളർ എന്ന നിരക്കാണ് അന്താരാഷ്ട്രവിപണിയിൽ.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ, ആയുധങ്ങൾ, വളം എന്നിവ എത്തുന്നത് റഷ്യയിൽ നിന്നാണ്. റഷ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിയായ റോസ്നെറ്റ്ഫാണ് ഇപ്പോൾ ഏറ്റവും വലിയ ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര വിനിമയ സംവിധാനമായ സ്വിഫ്റ്റിൽ നിന്ന് റഷ്യയിലെ ബാങ്കുകളെ വിലക്കിയതിനാൽ റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണക്ക് ഇന്ത്യ എങ്ങനെ പണം നൽകുമെന്ന കാര്യം വ്യക്തമല്ല. സ്വിഫ്റ്റിൽ നിന്ന് വിലക്കിയതിനാൽ ഡോളറിൽ വിനിമയം സാധ്യമാകില്ല.
അതേസമയം, ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസിന്‍റെ പ്രഖ്യാപനത്തോട് റഷ്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. എണ്ണവില ബാരലിന് 300 ഡോളറിന് മുകളിലെത്താൻ ഉപരോധം കാരണമാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.
അതിനിടെ, അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വൻ കുതിപ്പ് നടത്തിയിട്ടും ഇന്ത്യയിൽ എണ്ണവില വർധിപ്പിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വിലവർധന വൈകുന്നത്. വോട്ടെടുപ്പ് പൂർത്തിയായതോടെ ഏത് നിമിഷവും വില വർധനവുണ്ടാകുമെന്നാണ് അഭ്യൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.