വിഷബാധ: റഷ്യൻ പ്രതിപക്ഷ നേതാവ് കോമയിൽ
text_fields
മോസ്കോ: വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ നില അതീവഗുരുതരം. സൈബീരിയിെല ആശുപത്രിയിൽ തീവ്രപരിചരണത്തിലുള്ള നവാൽനി കോമയിലാണ്. വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറത്തുന്നതെന്നാണ് റിപ്പോർട്ട്. വിഷബാധയെ തുടർന്നാണ് അലക്സി ഗുരുതരാവസ്ഥയിലെത്തിയതെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിെൻറ വക്താവ് കിര യർമിഷ് ട്വീറ്റ് ചെയ്തു. റഷ്യൻ പ്രസിഡൻറ് വ്‌ളാദമിർ പുടിൻെറ എതിരാളിയും അഭിഭാഷകനും അഴിമതി വിരുദ്ധ പ്രചാരകനുമാണ് 44 കാരനായ നവാൽനി.
സൈബീരിയയിലെ ടോംസ്ക്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് അലക്സി ബോധരഹിതനാവുകയും ഓംസ്കിൽ അടിയന്തര ലാൻഡിങ് നടത്തി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഓംസ്ക് എമർജൻസി ഹോസ്പിറ്റൽ നമ്പർ 1 ലെ തീവ്രപരിചരണ വിഭാഗത്തിലാണ് നവാൽനി ഉള്ളതെന്ന് സംസ്ഥാന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നവാൽനിയുടെ നില ഗുരുതരമാണെന്നും എന്നാൽ വിഷബാധയാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും ആശുപത്രി ചീഫ് ഡോക്ടർ അലക്സാണ്ടർ മുറഖോവ്സ്കി വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
എന്നാൽ നവാൽനിക്ക് ചായയിൽ വിഷയം കലർത്തി നൽകിയതാകാമെന്നാണ് വക്താവ് കിര യർമിഷിെൻറ ആരോപണം.വിഷം മനഃപൂർവ്വം നൽകിയതെന്നാണ് സംശയമെന്നും കിര മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ യാത്ര തുടങ്ങുന്നതിന് മുമ്പ് എയർപോർട്ട് കഫേയിൽനിന്ന് ചായ മാത്രമാണ് അലക്സി കുടിച്ചിരുന്നതെന്നും അതിൽ വിഷം കലർത്തി നൽകിയതാകാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ചൂടുള്ള ദ്രാവകത്തിലൂടെ വിഷവസ്തു വേഗത്തിൽ ശരീരത്തിലെത്തുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായും എന്നാൽ ചില കാര്യങ്ങൾ അവർ മറച്ചുവെക്കുന്നുവെന്നും കിര പറഞ്ഞു.
വിമാനം ടോംസ്ക്കിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതുവരെ അലക്സി യാതൊരുവിധ അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ കുറച്ചു സമയത്തിനു ശേഷം അദ്ദേഹം നന്നായി വിയർക്കാൻ തുടങ്ങി. ബോധരഹിതനാകാതിരിക്കാൻ സംസാരിച്ചുകൊണ്ടിരിക്കാൻ ആവശ്യപ്പെട്ടു. വെള്ളം നൽകിയെങ്കിലും വേണ്ടെന്ന് പറഞ്ഞ് ശുചിമുറിയിലേക്ക് പോയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കിര വിശദീകരിച്ചു.
അലക്സി നവാൽനിയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അലക്സിയുടെ നേതൃത്വത്തിലുള്ള സംഘടനയായ എഫ്.ബി.കെ റഷ്യൻ അന്വേഷണ കമ്മിറ്റിയെ സമീപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.