റഷ്യൻ ജനതയും ഈ യുദ്ധത്തിന്റെ ഇരകളാണ്
text_fieldsറഷ്യക്കാരിയാണ് എന്നതോർത്ത് ഞാൻ ഖേദിക്കണോ, ലജ്ജിക്കണോ? കുറഞ്ഞത് 10 വർഷമായി എന്റെ മനസ്സിലുയർന്നിരുന്ന ചോദ്യത്തിന് എന്റെ രാജ്യം വീണ്ടും തികച്ചും തെറ്റായ കാരണങ്ങളുടെ പേരിൽ വീണ്ടും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിക്കവെ ഉത്തരമായിരിക്കുന്നു.
ഞാൻ റഷ്യയെ സ്നേഹിക്കുന്നു. എന്റെ നാടിതെന്റെ നാട് എന്ന് അഭിമാനം കൊണ്ടിരുന്നു. പക്ഷേ, ലോകത്തിന് വേണ്ടിയോ ഇന്നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയോ എന്റെ രാജ്യം ഒരു നല്ലകാര്യം ചെയ്ത കാലംപോലും മറന്ന സ്ഥിതിക്ക് എന്തിന്റെ പേരിലാണ് അഭിമാനിക്കുക?.
2014ൽ ക്രിമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേർക്കുമ്പോൾ സംഭവിച്ചതിന്റെ ഗൗരവാവസ്ഥ പൂർണമായി മനസ്സിലാക്കാൻ കഴിയാത്തത്ര ചെറുതായിരുന്നു ഞാൻ. പക്ഷേ, അന്നും അത് തെറ്റാണ് എന്ന് തോന്നിച്ചിരുന്നു. തുടർ മാസങ്ങളിൽ അന്താരാഷ്ട്രതലത്തിൽ റഷ്യൻ ഭരണകൂടം അപലപനങ്ങൾ ഏറ്റുവാങ്ങി, റഷ്യാവിരോധം യൂറോപ്പിലാകമാനം പരക്കുകയും ചെയ്തു. യു.കെയിൽ വിദ്യാർഥിനിയായിരിക്കെ അതിൽ നേരിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പുടിന് വോട്ട് ചെയ്തിട്ടില്ലെന്നും, യുദ്ധത്തെ പിന്തുണക്കുന്നില്ലെന്നും, സ്വവർഗാനുരാഗികളോട് വിദ്വേഷമില്ലെന്നും ഞാൻ പലവുരു ആളുകൾക്ക് മുന്നിൽ എന്റെ നിലപാടുകൾ വിശദീകരിച്ചുകൊണ്ടിരിക്കേണ്ടിവന്നു. ലണ്ടനിൽ ഒരു സംഗീതക്കച്ചേരി നടന്ന വേളയിൽ എന്നാണ് നിങ്ങൾ റഷ്യയിൽ വന്ന് പരിപാടി അവതരിപ്പിക്കുക എന്ന് എന്റെ കൂട്ടുകാർ ബാൻഡ് അംഗങ്ങളോട് തിരക്കിയിരുന്നു. ''നിങ്ങൾ വിമാനങ്ങൾ വെടിവെച്ചിടുന്നത് നിർത്തുമ്പോൾ'' എന്നായിരുന്നു അവരുടെ മറുപടി. കിഴക്കൻ യുക്രെയ്നിൽ റഷ്യൻ അനുകൂലികളായ റെബലുകൾ മലേഷ്യൻ എയർലൈൻസ് വിമാനം വെടിവെച്ചുവീഴ്ത്തിയതിനെ പരാമർശിച്ചായിരുന്നു ആ പറച്ചിൽ. സാദാ കൗമാരക്കാരായ ഞങ്ങൾക്ക് ആ സംഭവത്തിൽ ഒരുപങ്കുമില്ലെന്നും ഒന്നും ചെയ്യാനില്ലെന്നും ഞങ്ങൾക്കറിയാമായിരുന്നു, എന്നിരിക്കിലും ആ പാട്ടുകാരന്റെ ഉത്തരം ഇപ്പോഴും ഉള്ളിൽ കൊളുത്തിവലിക്കുന്നുണ്ട്.
റഷ്യൻ സർക്കാറിന്റെ അന്യായ കൈയേറ്റങ്ങൾ ലോകർക്കിടയിൽ റഷ്യാവിരോധം ആളിക്കത്തിക്കുകയും ആഗോളസമൂഹത്തെ ഞങ്ങൾക്കെതിരായി തിരിക്കുകയും ചെയ്യുന്നു. അത് പലർക്കുമേലും ദുരിതം പെയ്യിക്കുന്നു, ഞങ്ങളുടെ ജീവിതത്തെ പലരീതിയിലും അശക്തമാകുന്നു.
ക്രിമിയ പിടിച്ചടക്കപ്പെട്ട വേളയിലൊരിക്കൽ ഞാൻ സെൻട്രൽ ലണ്ടനിൽനിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് ടാക്സി യാത്ര ചെയ്യുകയായിരുന്നു. ഒരുമണിക്കൂർ യാത്രക്കിടെ ബ്രിട്ടീഷ് പൗണ്ടും റഷ്യൻ റൂബിളും തമ്മിലെ വിനിമയനിരക്കിലെ മാറ്റം ഞാൻ നോക്കിക്കൊണ്ടേയിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും ഒരു പൗണ്ട് എന്നാൽ, 115 റൂബിളിന് തുല്യമായി മാറിയിട്ടുണ്ട്. ഏതാനും മാസം മുമ്പ് യു.കെയിൽ ആദ്യം എത്തിയതിനേക്കാൾ എത്രയോ മടങ്ങ് ഇടിഞ്ഞിരിക്കുന്നു റൂബിളിന്റെ മൂല്യം.
ഞങ്ങളുടെ സർക്കാറിന്റെ ചെയ്തികൾമൂലം എന്റെ ജീവിതവും വിദ്യാഭ്യാസവും ഭാവിയുംതന്നെ കീഴ്മേൽ മറിഞ്ഞു. കുടുംബത്തിന്റെ ടൂറിസം വ്യവസായം പൊളിഞ്ഞു. ഞങ്ങളുടെ സമ്പാദ്യം മുഴുവൻ അനുദിനം മൂല്യമിടിഞ്ഞുകൊണ്ടിരിക്കുന്ന റൂബിളിൽ ആയിരുന്നതിനാൽ മറ്റൊരു രാജ്യത്തെ പഠനവും താമസവുമെല്ലാം താങ്ങാവുന്നതിലപ്പുറമുള്ള ബാധ്യതയായി മാറി. യു.കെയിൽ പഠനം തുടരാൻ കഴിയുമോ എന്നകാര്യം പോലും സംശയത്തിലായി.
റഷ്യൻ സമ്പദ് വ്യവസ്ഥ പിന്നെ ഒരിക്കലും ആ വീഴ്ചയെ അതിജീവിച്ചില്ല. പക്ഷേ, മനുഷ്യർക്ക് ജീവിച്ചല്ലേ പറ്റൂ. വയറ് മുറുക്കി ജീവിക്കാൻ ഞങ്ങൾ പഠിച്ചു.
യുക്രെയ്നിൽ കൈയേറ്റത്തിന് ഒരുക്കം നടക്കുന്നകാര്യം ലോകം ചർച്ച ചെയ്യുമ്പോഴും മോസ്കോയിലെ ജീവിതം സർവസാധാരണ രീതിയിലായിരുന്നു. ആരുംതന്നെ ഇക്കാര്യം മിണ്ടിയതുപോലുമില്ല. അല്ലെങ്കിൽതന്നെ ഏതാണ്ട് എട്ടു വർഷമായി യുക്രെയ്നുമായി ഏറ്റുമുട്ടലിന്റെ വക്കിൽ നിലകൊണ്ടിരുന്ന ഞങ്ങൾക്കതിൽ പുതുമയുമില്ലായിരുന്നു. യുദ്ധത്തിന്റെ സാധ്യതയെക്കുറിച്ചും അത് വരുത്താവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആലോചിക്കുന്നതുപോലും ഒഴിവാക്കാനാണ് കഴിവതും എല്ലാവരും ശ്രമിച്ചതെന്ന് തോന്നുന്നു.
പാശ്ചാത്യ മാധ്യമങ്ങൾ സന്ദർഭത്തെ നാടകീയമായി ചിത്രീകരിച്ച് ആവശ്യത്തിലേറെ ഊതിപ്പെരുപ്പിക്കുകയാണെന്നും അധിനിവേശം നടത്താൻ മാത്രം ബുദ്ധിഭ്രമമുള്ളയാളല്ല പുടിനെന്നും വിശ്വസിക്കുന്നതായിരുന്നു എളുപ്പവും ആശ്വാസകരവും. ഡോൺബാസ് പ്രവിശ്യയുടെ വിഘടനത്തെ അംഗീകരിച്ച് യുക്രെയ്നിന്റെ നിലനിൽപിനെ നിരാകരിച്ച് അദ്ദേഹം നടത്തിയ വിശദമായ ടി.വി പ്രസംഗം കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ ചെയ്തിയും ഇതുപോലെ വൈകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.
ആകയാൽതന്നെ ഫെബ്രുവരി 24ന് യുക്രെയ്നിയൻ ജനത അധിനിവേശത്തിന്റെ ഭയാനകതയെ അഭിമുഖീകരിക്കവെ റഷ്യൻജനതയും ഞങ്ങളുടേതായ പേടിചിന്തകളിലേക്കാണ് കൺതുറന്നത്. തുലനം ചെയ്യാവുന്ന അവസ്ഥയല്ലെന്നത് ശരിതന്നെ. ഞങ്ങളുടെ ജനലിലൂടെ വെടിയൊച്ചകൾ കേൾക്കുന്നില്ല, തെരുവുകളിലൂടെ ടാങ്കുകൾ ഇരച്ചുനീങ്ങുന്നില്ല, ജീവൻ നഷ്ടപ്പെടുമോ എന്ന ഭയമില്ല. പക്ഷേ, ടി.വി തുറന്ന് വാർത്താതലക്കെട്ടുകൾ കാണുമ്പോൾ ജീവിതം മുമ്പത്തേത് പോലെയായിരിക്കില്ല എന്ന് ഞങ്ങൾക്ക് ബോധ്യമാവുന്നു. ഒറ്റ രാത്രികൊണ്ട് യുക്രെയ്ൻ ജനതയെപ്പോലെ ഞങ്ങൾ റഷ്യൻജനതയും ഞങ്ങളുടെ ഭരണകൂട ചെയ്തികളുടെ ഇരകളായിത്തീർന്നിരിക്കുന്നു. പക്ഷേ, ഞങ്ങളുടെ വേദന ആരെങ്കിലുമായി പങ്കുവെക്കാനോ പിന്തുണ തേടാനോ കഴിയില്ല. എല്ലാ റഷ്യക്കാരും വിനാശകാരിയായ ഭരണകൂടത്തോട് ചായ്വുള്ളവരായി എണ്ണാൻ ഏറെ കാലമായി ആഗ്രഹിക്കുന്ന ആഗോള സമൂഹം ഞങ്ങൾക്ക് നേരെ തിരിയാൻ ഏറെനേരം വേണ്ടിവന്നില്ല.
യുദ്ധം ഒരിക്കലും ആഗ്രഹിക്കാത്ത, ഈ യുദ്ധത്തെ പിന്തുണക്കാത്ത, പക്ഷേ, ഇതൊന്ന് നിർത്തിക്കാൻ പ്രാപ്തരല്ലാത്ത ദശലക്ഷക്കണക്കിന് മനുഷ്യർ ഉൾപ്പെടെ-സകല റഷ്യക്കാർക്കുമെതിരായ വിദ്വേഷവും വെറുപ്പും ഇന്റർനെറ്റിൽ കുമിഞ്ഞു.
തൊഴിലന്വേഷിച്ചുകൊണ്ടിരിക്കുന്ന എന്റെ പങ്കാളി, ബയോഡേറ്റയിൽ തന്റെ റഷ്യൻ പൗരത്വം മറച്ചുവെക്കാൻ തീരുമാനിച്ചതായി എന്നോട് പറഞ്ഞു- ഒരു റഷ്യക്കാരനെ ജോലിക്ക് വെക്കാൻ യൂറോപ്യർ വിമുഖത കാണിക്കുമെന്ന് ഭയന്നിട്ടാണത്രെ. റഷ്യക്കാർക്ക് വിസ നൽകുന്നത് പല യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും നിർത്തിയില്ലായിരുന്നില്ലെങ്കിൽ, നിങ്ങളെ ഇനി സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയില്ലായിരുന്നെങ്കിൽ നിങ്ങളെന്ത് ഭ്രാന്താണീ പറയുന്നത് എന്ന് പറഞ്ഞ് ഞാൻ തള്ളിക്കളയുമായിരുന്നു.
ഇന്റർനെറ്റിൽ കാണുന്നവരും ടി.വിയിൽ വരുന്ന രാഷ്ട്രീയക്കാരും വിശാദരരും യൂറോപ്യൻ നഗരങ്ങളിലങ്ങോളമിങ്ങോളമുള്ള പ്രതിഷേധക്കാരുമെല്ലാം പുടിന്റെ ചെയ്തിക്ക് ഞങ്ങളെ ഉത്തരവാദികളായി കാണുന്നു. അയാളെ തടയാൻ കഴിവുണ്ടായിട്ടും ഞങ്ങൾ ഒന്നും ചെയ്യുന്നില്ലെന്ന് വിശ്വസിക്കുന്നു.
റഷ്യൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തന്റെ ഏറെ പ്രശംസിക്കപ്പെട്ട പ്രസംഗത്തിൽ നിങ്ങൾക്ക് റഷ്യക്കാർ യുദ്ധം ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് സമാനമായ വികാരമാണ് പ്രകടിപ്പിച്ചത്.
പരമാർഥം എന്താണെന്നുവെച്ചാൽ റഷ്യക്കാരിൽ ബഹുഭൂരിപക്ഷവും ഇതെന്നല്ല, ഒരുയുദ്ധവും ആഗ്രഹിക്കുന്നില്ല. സംഘടിതസേന ഈ ശൈത്യകാലത്ത് കസാഖ്സ്താനിലേക്ക് മാർച്ച് ചെയ്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണ് ഞങ്ങളിരുന്നത്. ബെലറൂസിലെ പ്രശ്നത്തിലിടപെടാൻ സൈന്യത്തെ അയക്കുന്നില്ലെന്ന് പുടിൻ തീരുമാനിച്ചപ്പോഴും ഞങ്ങൾ ആശ്വാസംകൊണ്ടു.
അതിനെല്ലാമുപരി പലരേയും അമ്പരപ്പിച്ചുകൊണ്ട് യുദ്ധത്തിനെതിരെ പ്രതിഷേധിക്കാനുള്ള സെലൻസ്കിയുടെ ആഹ്വാനവും റഷ്യൻജനത ചെവിക്കൊണ്ടു. മോസ്കോ, സെന്റ് പീറ്റേഴ്സ് ബർഗ് ഉൾപ്പെടെ നാൽപതിലേറെ റഷ്യൻ നഗരങ്ങളിലാണ് ജനം ഒത്തുചേർന്ന് പുടിനോടും ഭരണകൂടത്തോടും ഞങ്ങൾക്കീ യുദ്ധം വേണ്ടെന്ന് വിളിച്ചുപറഞ്ഞത്. ഇതിന്റെ പേരിൽ സ്വേച്ഛാപരമായ തടങ്കലുകളും പൊലീസ് ക്രൂരതകളും അതിനുമപ്പുറമുള്ള പ്രത്യാഘാതങ്ങളുമുണ്ടാകുമെന്ന പൂർണ ബോധ്യത്തോടെയാണ് ഞങ്ങളത് ചെയ്തത്. അത് അനുഭവിക്കുകയും ചെയ്തു. 24 മണിക്കൂറിനകം 1800 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. കുറെ പേരെ പിഴയടച്ചാൽ വിട്ടയക്കും. എന്നാൽ, മറ്റുപലർക്കും കുറെ ആഴ്ചകളെങ്കിലും അഴിക്കുള്ളിൽ കഴിയേണ്ടിവരും. ഇതെല്ലാമറിഞ്ഞുകൊണ്ടാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചത്. ഈ ഭരണകൂടം ഞങ്ങളെ പ്രതിനിധാനംചെയ്യുന്നില്ലായെന്ന് ഞങ്ങൾക്ക് ലോകത്തോട് പറയേണ്ടതുണ്ടായിരുന്നു.
യുക്രെയ്നുകാരുടെ അവസ്ഥ എനിക്ക് സങ്കൽപിക്കാൻപോലുമാവില്ല. അപായസൂചന കേൾക്കുമ്പോൾ ഓടിച്ചെന്ന് തുരങ്കങ്ങളിലൊളിക്കേണ്ടി വരുന്നവരുടെ വിഷമം ഞാൻ അനുഭവിച്ചിട്ടില്ല. അടുത്ത ഷെല്ല് വന്നുവീഴുന്നത് തന്റെ വീടിന് മുകളിലായിരിക്കുമോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യം എനിക്കുണ്ടായിട്ടില്ല. പക്ഷേ, ഞാൻ അവരുടെ വിഷമവും വേദനയും ദേഷ്യവും പങ്കുവെക്കുന്നു. എന്നെപ്പോലെ ഒരുപാട് റഷ്യക്കാരുടെ അവസ്ഥയും ഇതു തന്നെയാണെന്ന് എനിക്കറിയാം.
സമാധാനപരമായി കഴിയുന്ന ഒരു നാടിനെ ആക്രമിക്കുന്നത് അത്യന്തം നിന്ദ്യമാണ്. ചരിത്രമറിയുന്ന ആരുമതിനെ ന്യായീകരിക്കില്ല. സഹോദര രാജ്യങ്ങൾ പരസ്പരം പോരുവിളിച്ചുനിൽക്കുന്നതുതന്നെ എന്നെ അസ്വസ്ഥപ്പെടുത്തുന്നു. ഞങ്ങളുടെ സർക്കാറിന്റെ പൊറുക്കാനാവാത്ത ചെയ്തികളുടെ പേരിൽ മനോഹരമായ മനുഷ്യർ നിറഞ്ഞ ഞങ്ങളുടെ മനോഹര രാജ്യം അപമാനത്തിന്റെ കറപ്പേറേണ്ടിവരുമെന്നതോർത്ത് വെറുപ്പ് തോന്നുന്നു.
ഞങ്ങൾ റഷ്യക്കാർക്ക് ഈ യുദ്ധം വേണ്ട. ഞങ്ങൾ യുക്രെയ്നിലെ സഹോദരീസഹോദരന്മാർക്കൊപ്പമാണ്. ലോകം റഷ്യൻ ഭരണകൂടത്തോട് കടുത്ത ദേഷ്യത്തിലാണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഭരണകൂടത്തെ എതിർക്കുമ്പോഴും നിങ്ങളുടെ ദേഷ്യം ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ മനുഷ്യരിലേക്ക് തിരിയാതിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിക്കുന്നു. ഞങ്ങളും ഈ യുദ്ധത്താൽ ദുരിതപ്പെടുന്നവരാണ്. ഈ ഏകാധിപത്യ ഭരണകൂടത്തിന്റെ നിസ്സഹായരായ ഇരകളാണ് ഞങ്ങൾ.
(റഷ്യൻ മാധ്യമപ്രവർത്തകയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.