പുടിന് ഗുരുതര അർബുദം; കാഴ്ച നഷ്ടമാകുന്നു; ജീവിച്ചിരിക്കുക മൂന്നു വർഷം മാത്രമെന്നും റിപ്പോർട്ട്
text_fieldsറഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അതിവേഗത്തിൽ പടർന്നു പിടിക്കുന്ന ഗുരുതര അർബുദ ബാധിതനാണെന്നും മൂന്നു വർഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്നും റിപ്പോർട്ട്. റഷ്യൻ രഹസ്യാന്വേഷണ ഓഫിസറെ ഉദ്ധരിച്ച് ഇൻഡിപെൻഡന്‍റ് പത്രമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
69കാരനായ പുടിന് കാഴ്ച നഷ്ടമായി കൊണ്ടിരിക്കുകയാണെന്നും കടുത്ത തലവേദന അനുഭവിക്കുന്നതായും ഫെഡറൽ സുരക്ഷ സർവിസ് (എഫ്.എസ്.ബി) ഓഫിസർ വെളിപ്പെടുത്തി. നിലവിൽ യു.കെയിൽ താമസിക്കുന്ന മുൻ റഷ്യൻ ചാരനായ ബോറിസ് കാർപിസ്കോവിനോടാണ് എഫ്.എസ്.ബി ഓഫിസർ പുടിന്‍റെ അനാരോഗ്യത്തെ കുറിച്ച് വെളിപ്പെടുത്തിയതെന്നും ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പുടിൻ കടുത്ത തലവേദന കൊണ്ട് പ്രയാസപ്പെടുകയാണ്. ടി.വിയിൽ തത്സമയം രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴെല്ലാം പേപ്പറുകളിൽ വലിയ അക്ഷരങ്ങളിൽ എഴുതിയത് വായിക്കുകയാണ് ചെയ്യുന്നത്. ഓരോ പേജുകളിലും ഏതാനും വരികൾ മാത്രമാണ് എഴുതുക. കാഴ്ചശക്തി ഓരോ ദിവസവും വഷളായി കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തെയും പുടിന്‍റെ അനാരോഗ്യത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നാലാം മാസത്തിലേക്ക് കടന്നെങ്കിലും സമാധാന ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇതിനിടെ റഷ്യ കിഴക്കൻ യുക്രെയ്നിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.