ജർമനിയിൽ മിസൈൽ സ്ഥാപിച്ചാൽ ശീതയുദ്ധ സമാനമായ പ്രതിസന്ധിയുണ്ടാകും; യു.എസിന് പുടിന്‍റെ മുന്നറിയിപ്പ്
text_fieldsമോസ്കോ: ജർമനിയിൽ ദീർഘദൂര മിസൈലുകൾ സ്ഥാപിക്കാനുള്ള നീക്കവുമായി യു.എസ് മുന്നോട്ടുപോയാൽ ആണവായുധങ്ങളുടെ ഉൽപ്പാദനം പുന:രാരംഭിക്കുമെന്നും ശീതയുദ്ധത്തിന് സമാനമായ പ്രതിസന്ധിയുണ്ടാകുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ മേഖലയിൽ സമാനമായ മിസൈലുകൾ തങ്ങൾ സ്ഥാപിക്കുമെന്നും മോസ്കോ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2026 മുതൽ ജർമനിയിൽ എസ്.എം-6, ടോമഹോക് ക്രൂയിസ് മിസൈലുകൾ സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്ന് യു.എസ് ഈ മാസമാദ്യം വ്യക്തമാക്കിയിരുന്നു. ശബ്ദാതിവേഗ മിസൈലുകളും സ്ഥാപിക്കും. ഇതിനാണ് റഷ്യ മറുപടി നൽകിയിരിക്കുന്നത്.
സെന്‍റ് പീറ്റേഴ്സ്ബർഗിൽ റഷ്യൻ നാവിക ദിനത്തിൽ സംസാരിക്കവേയാണ് പുടിൻ യു.എസിന്‍റെ നീക്കത്തെ വിമർശിച്ചത്. 'ഭാവിയിൽ ആണവായുധം വഹിച്ചേക്കാവുന്ന മിസൈലുകൾക്ക് ജർമൻ കേന്ദ്രങ്ങളിൽ നിന്ന് റഷ്യയിലേക്കെത്താനുള്ള സമയം 10 മിനിട്ട് മാത്രമാണ്. യു.എസിന്‍റെയും യൂറോപ്പിലെയും മറ്റ് ഭാഗങ്ങളിലെയും അവയുടെ സഖ്യകക്ഷികളുടെയും നീക്കങ്ങൾ പരിഗണിച്ച് മറുനീക്കങ്ങൾ കൈക്കൊള്ളും' -പുടിൻ പറഞ്ഞു.
500 കിലോമീറ്ററിനും 5500 കിലോമീറ്ററിനും ഇടയിൽ പരിധിയുള്ള മിസൈലുകളുടെ വിന്യാസവുമായി ബന്ധപ്പെട്ട് യു.എസും പഴയ സോവിയറ്റ് യൂനിയനും 1987ൽ ഉടമ്പടിയിലെത്തിയിരുന്നു. എന്നാൽ, പല ധാരണകളും ലംഘിക്കപ്പെടുന്നുവെന്ന് കാണിച്ച് 2019ൽ ഇരു രാജ്യങ്ങളും ധാരണയിൽ നിന്ന് പിന്മാറുകയാണുണ്ടായത്.
റഷ്യയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം യുക്രെയ്ൻ യുദ്ധത്തോടെ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാറ്റോയിലെ സഖ്യരാജ്യമായ ജർമനിയിൽ മിസൈൽ സ്ഥാപിക്കാനുള്ള യു.എസിന്‍റെ നീക്കം. നേരത്തെ, യുക്രെയ്ന് നാറ്റോയിൽ അംഗത്വം നൽകുന്നതിനെ എതിർത്തുകൊണ്ടാണ് റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത്. നാറ്റോ രാജ്യങ്ങൾ യുക്രെയ്ന് ആയുധസഹായം നൽകുന്നുണ്ടെങ്കിലും നേരിട്ട് യുദ്ധത്തിൽ ഇടപെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.