ഡോനെറ്റ്സ്കിൽ റഷ്യൻ ഷെല്ലാക്രമണം: ഏഴു മരണം
text_fieldsകിയവ്: കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ യുക്രെയ്നിലെ ഡോണെറ്റ്സ്കിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ യുക്രെയ്നിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും റഷ്യൻ സൈന്യം ലക്ഷ്യമിടുന്നതായി രാജ്യത്തിന്റെ പ്രസിഡൻഷ്യൽ ഓഫിസ് അറിയിച്ചു. ലുഹാൻസ്ക് അധീനതയിലാക്കിയശേഷം റഷ്യ ആക്രമണം ശക്തമാക്കിയ ഡോനെറ്റ്സ്ക് പ്രവിശ്യയിലാണ് കൂടുതൽ മരണങ്ങളും.
അവ്ദിവ്ക നഗരത്തിൽ രണ്ടു പേരും സ്ലോവിയൻസ്ക്, ക്രാസ്നോഹോറിവ്ക, കുറാഖോവ് എന്നിവിടങ്ങളിൽ ഓരോ സിവിലിയൻ വീതം കൊല്ലപ്പെട്ടതായും ഗവർണർ പാവ്ലോ കൈറിലെങ്കോ ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു.ജീവൻ രക്ഷിക്കാനായും റഷ്യൻ മുന്നേറ്റത്തിനെതിരെ മികച്ച പ്രതിരോധം തീർക്കാൻ യുക്രെയ്നിയൻ സൈന്യത്തെ സഹായിക്കാനും ഡൊനെറ്റ്‌സ്‌കിൽനിന്ന് ഒഴിഞ്ഞുപോകാൻ അവശേഷിക്കുന്ന മൂന്നര ലക്ഷത്തിലധികം ജനങ്ങളോട് ഗവർണർ അഭ്യർഥിച്ചു.യുക്രെയ്നിയൻ സൈന്യം പിൻവാങ്ങിയതോടെ ഡോൺബാസിലെ മറ്റൊരു പ്രധാന പ്രവിശ്യയായ ലുഹാൻസ്ക് പൂർണമായും കൈവശപ്പെടുത്തിയതായി തിങ്കളാഴ്ച റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽലിസിചാൻസ്കിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ കനത്ത പോരാട്ടം തുടരുകയാണെന്നും ലുഹാൻസ്ക് മേഖല റഷ്യൻ സൈന്യം പൂർണമായി പിടിച്ചടക്കിയിട്ടില്ലെന്ന് ഹൈദായി പറഞ്ഞു. 15,000 നിവാസികൾ ലിസിചാൻസ്കിലും 8,000 പേർ റഷ്യൻ സൈന്യം കഴിഞ്ഞമാസം പിടിച്ചെടുത്ത സമീപ നഗരമായ സിവയറോഡൊനെറ്റ്സ്കിലും അവശേഷിക്കുന്നുണ്ട്.
ഡൊനെറ്റ്സ്കിന്റെ വടക്ക് ഭാഗത്തുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ മിസൈൽ ആക്രമണം നടത്തിയതായി ഖാർകിവ് മേഖല ഗവർണർ ഒലെഹ് സിനീഹുബോവ് ബുധനാഴ്ച പറഞ്ഞു. നഗരത്തിലെ മൂന്ന് ജില്ലകൾ ലക്ഷ്യമിട്ട ആക്രമണത്തിൽ പിഞ്ചുകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു സർവകലാശാല കെട്ടിടവും അഡ്മിനിസ്ട്രേറ്റീവ് കെട്ടിടവും തകർന്നു. കിയവ് വരുതിയിലാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ ഡോൺബാസിലെ യുക്രെയ്ൻ അധീന പ്രദേശങ്ങളിലേക്ക് റഷ്യ ആക്രമണം കേന്ദ്രീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.