'യുദ്ധം വേണ്ട'; യുക്രെയ്ൻ അധിനിവേശത്തിനെതിരെ ശബ്ദമുയർത്തി റഷ്യൻ ടെന്നിസ് താരങ്ങൾ
text_fieldsമോസ്കോ: സ്വന്തം രാജ്യം യുക്രെയ്നിൽ അധിനിവേശം നടത്തുന്നതിനിടെ സമാധാനത്തിനായി ആഹ്വാനം ചെയ്ത് പ്രമുഖ റഷ്യൻ ടെന്നിസ് താരങ്ങൾ. ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വദേവും ഏഴാം നമ്പർ താരമായ ആന്ദ്രേ റുബലേവുമാണ് യുദ്ധം വേണ്ടെന്ന് അഭ്യർഥനയുമായി രംഗത്തെത്തിയത്.
'ഒരു ടെന്നീസ് കളിക്കാരൻ എന്ന നിലയിൽ ലോകമെമ്പാടും സമാധാനം പ്രചരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ പല രാജ്യങ്ങളിലും കളിക്കുന്നു. ഒരു ജൂനിയർ എന്ന നിലയിലും പ്രൊഫഷനൽ എന്ന നിലയിലും ഞാൻ പല രാജ്യങ്ങളിലും പോയിട്ടുണ്ട്. ഈ വാർത്തകൾ കേൾക്കുക അത്ര സുഖകരമല്ല'-മെദ്വദേവ് പറഞ്ഞു.
ദുബൈ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ നൊവാക് ദ്യോകോവിച് ലോക 123ാം നമ്പർ താരം ജിരി സെ്ലിയോട് തോറ്റതിനാൽ മെദ്വദേവ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ പോകുകയാണ്. ആൻഡി റോഡിക്കിന് (2004) ശേഷം, 'ബിഗ് ഫോർ' എന്നറിയപ്പെടുന്ന റാഫേൽ നദാൽ, റോജർ ഫെഡറർ, ആൻഡി മറെ എന്നിവരല്ലാതെ മറ്റൊരു കളിക്കാരൻ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത് ഇതാദ്യമായിട്ടാകും. ദ്യോകോവിചിനെ കീഴടക്കി മെദ്വദേവ് കഴിഞ്ഞ വർഷം യു.എസ് ഓപണിൽ ജേതാവായിരുന്നു. എന്നാൽ ഈ വർഷം നടന്ന ആസ്ട്രേലിയൻ ഓപണിന്‍റെ ത്രില്ലർ പോരാട്ടത്തിൽ നദാലിനോട് അടിയറവ് പറഞ്ഞു.
ദുബൈ ടെന്നിസ് ചാമ്പ്യൻഷിപ്പ് സെമിഫൈനൽ വിജയത്തിന് തൊട്ടുപിന്നാലെയായിരുന്നു ആന്ദ്രേ റുബലേവ് യുദ്ധത്തിനെതിരെ പ്രതികരിച്ചത്. ഹ്യൂബർട് ഹർകാസിനെ 3-6, 7-5, 7-6ന് തോൽപിച്ച ശേഷമാണ് കാമറ ലെൻസിൽ 'ദയവായി യുദ്ധം വേണ്ട' എന്ന് എഴുതിയത്. സമാധാനത്തിലും ഐക്യത്തിലുമാണ് താൻ വിശ്വസിക്കുന്നതെന്ന് 24-കാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റഷ്യയിലെ നിരവധി കായിക താരങ്ങൾ യുദ്ധത്തിനെതിരെ നിലപാടെടുത്തു. യുദ്ധം വേണ്ട എന്ന അടിക്കുറിപ്പിൽ റഷ്യൻ ഫുട്ബാൾ താരം ഫ്യോഡർ സ്മോലോവ് വ്യാഴാഴ്ച കറുത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.