റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവിന് ഹൃദയാഘാതം
text_fieldsമോസ്കോ: റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവിന് ഹൃദയാഘാതമെന്ന് റിപ്പോർട്ട്. കരിങ്കടലിൽ നങ്കൂരമിട്ട റഷ്യയുടെ പടക്കപ്പൽ മിസൈൽ ആക്രമണത്തിൽ തകരുകയും ഉന്നത സൈനിക ഉദ്യോഗസ്ഥൻ യുക്രെയ്ൻ സൈന്യത്തിന്‍റെ പിടിയിലാകുകയും ചെയ്തെന്ന വാർത്തകൾക്കിടെയാണ് റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം സംഭവിച്ചെന്ന വിവരം പുറത്തുവരുന്നത്.
യുക്രെയ്നിലെ റഷ്യൻ സൈനിക ഓപറേഷന് നേതൃത്വം നൽകുന്ന സെർജിയെ, ഏതാനും ദിവസങ്ങളായി പൊതുവേദികളിൽ കാണാനില്ല. യുക്രെയ്നിൽ റഷ്യ കനത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിൽ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും വിശ്വസ്തനായ സെർജിയും തമ്മിൽ അകലുന്നതായും അഭ്യൂഹങ്ങളുണ്ട്. 66കാരനായ സെർജി നിലവിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആരോഗ്യകരമായ കാരണങ്ങളല്ല ഹൃദയാഘാതത്തിനു പിന്നിലെന്ന് റഷ്യൻ വ്യാപാരി ലിയോനിഡ് നെവ്സ്ലിൻ ഫേസ്ബുക്കിൽ കുറിച്ചു. 2012ലാണ് റഷ്യൻ പ്രതിരോധ മന്ത്രിയായി സെർജി ഷോയ്ഗു അധികാരമേൽക്കുന്നത്.
കഴിഞ്ഞ പത്തു വർഷമായി പുടിന്‍റെ വിശ്വസ്തനായ അനുയായിയാണ്. യുക്രെയ്നിലെ റഷ്യൻ ഓപറേഷനുവേണ്ടി അനുവദിച്ച 10 ബില്യൺ ഡോളർ അപഹരിച്ചെന്ന കുറ്റത്തിന് 20 റഷ്യൻ ജനറലുമാരെ അറസ്റ്റ് ചെയ്തെന്നും വ്യാപാരി ലിയോനിഡ് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.