അറസ്റ്റ് വാറന്റിന് പുല്ലുവില; പുടിൻ മംഗോളിയയിലേക്ക്
text_fieldsമോസ്കോ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കേ മംഗോളിയ സന്ദർശിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സെപ്റ്റംബർ മൂന്നിനാണ് അദ്ദേഹം മംഗോളിയയിൽ എത്തുക. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗരാജ്യമാണ് മംഗോളിയ. കോടതി നിയമപ്രകാരം അറസ്റ്റ് വാറന്റുള്ള രാജ്യത്ത് എത്തിയാൽ പിടികൂടി തടങ്കലിൽ വെക്കാൻ അംഗങ്ങൾ ബാധ്യസ്ഥരാണ്. അതേസമയം, നിയമങ്ങൾ നടപ്പാക്കാൻ കോടതിക്ക് സംവിധാനങ്ങളില്ല. 2015ൽ സുഡാൻ പ്രസിഡന്റ് ഉമർ അൽബശ്ശാർ സന്ദർശിച്ചപ്പോൾ അന്താരാഷ്ട്ര കോടതിയിൽ അംഗരാജ്യമായ ദക്ഷിണാഫ്രിക്ക അറസ്റ്റ് ചെയ്തിരുന്നില്ല.
അതിനിടെ, യുക്രെയ്നിലെ ഖാർകിവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 14കാരിയായ പെൺകുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. കളിക്കുന്നതിനിടെയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടർന്ന് റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാനുള്ള നിയന്ത്രണം നീക്കണമെന്ന് പശ്ചാത്യ രാജ്യങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.