ഇന്ത്യ-കാനഡ: മന്ത്രി എസ്. ജയശങ്കർ ഇന്ന് യു.എസ് സെക്രട്ടറി ബ്ലിങ്കനെ കാണും
text_fieldsവാഷിങ്ടൺ: ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിക്കിടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഇന്ന് കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് (ഇന്ത്യൻ സമയം അർധരാത്രി) ഫോഗി ബോട്ടം ആസ്ഥാനത്തായിരിക്കും കൂടിക്കാഴ്ച.
എന്നാൽ, കൂടിക്കാഴ്ചയുടെ അജണ്ട പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ രണ്ടു സുഹൃത്ത് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര തർക്കം ചർച്ചകളിൽ ഉയർന്ന് വന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച ഇരുവരും യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ആസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്ങും ജപ്പാൻ വിദേശകാര്യമന്ത്രി യോകോ കാമികാവയും ആ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ക്വാഡ് യോഗത്തിന്റെ ഭാഗമായാണ് മൂവരും ചർച്ച നടത്തിയത്.
'അതൊരു ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല. നിരവധി രാജ്യങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയുമായി കാനഡ പ്രശ്നം ചർച്ച ചെയ്തിരുന്നു. കാനഡ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു.'- യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
ഇക്കാര്യത്തിൽ യു.എസ് നിലപാട് വ്യക്തമാണെന്നും കാനഡ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മില്ലർ കൂട്ടിച്ചേർത്തു.
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ നടത്തിയ ഗുരുതര ആരോപണമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഖലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളൽ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.