ബിലാവലിനെ കൈകൂപ്പി സ്വാഗതംചെയ്ത് ജയശങ്കർ; പിന്നാലെ ഭീകര ഭീഷണിയെക്കുറിച്ച് രൂക്ഷമായ പ്രതികരണവും
text_fieldsഗോവ: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി.ഒ)ന്റെ ദ്വിദിന മേഖലാ സമ്മേളനത്തിത്തിലേക്ക് പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കൈകൂപ്പി ബിലാവൽ ഭൂട്ടോയെ വേദിയിലേക്ക് സ്വീകരിച്ച ജയശങ്കർ മിനുറ്റുകൾക്കകം തന്നെ അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള ഭീകര ഭീഷണിയെക്കുറിച്ച് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.
"ലോകം കോവിഡിനെയും അതിന്റെ അനന്തരഫലങ്ങളെയും അഭിമുഖീകരിക്കുമ്പോഴും തീവ്രവാദത്തിന്റെ വിപത്ത് നിർബാധം തുടരുകയാണ്. ഈ വിപത്തിൽ നിന്ന് ശ്രദ്ധ മാറ്റുന്നത് നമ്മുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമാകും. തീവ്രവാദത്തിന് ഒരു ന്യായീകരണവും ഇല്ലെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ അതിന്റെ എല്ലാ രൂപങ്ങളും തടഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക മാർഗം പിടിച്ചെടുക്കുകയും ഇല്ലാതാക്കുകയും വേണം. തീവ്രവാദത്തെ ചെറുക്കുക എന്നത് എസ്.സി.ഒയുടെ യഥാർഥ ഉദ്ദേശങ്ങളിൽ ഒന്നാണെന്ന് അംഗങ്ങളെ ഓർമ്മിപ്പിക്കേണ്ടതില്ല," അദ്ദേഹം പറഞ്ഞു.
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെയാണ് ബിലാവൽ ഭൂട്ടോ ഗോവയിലെത്തിയത്. 12 വർഷങ്ങൾക്ക് ശേഷമാണ് പാക് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ബിലാവലും തമ്മിൽ ഉഭയകക്ഷി ചർച്ചയുണ്ടാവുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഉഭയകക്ഷി ചർച്ചക്കായി പാകിസ്താൻ ഇതുവരെ അഭ്യർഥന നടത്തിയിട്ടില്ല. ഗോവയിലെ താജ് എക്‌സോട്ടിക റിസോർട്ടിലാണ് യോഗം. യോഗത്തിൽ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രിമാർക്ക് ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അത്താഴവിരുന്ന് നൽകി. വിരുന്നിൽ ബിലാവൽ ഭൂട്ടോയും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.