സുരക്ഷിത മേഖല ചുരുങ്ങി; പട്ടിണി കിടന്ന് ഗസ്സ
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഈ മാസം മാത്രം ഇസ്രായേൽ സേന ഉത്തരവിട്ടത് 16 തവണ. നിരന്തരമായ ഒഴിപ്പിക്കലും തുടർച്ചയായ കര, വ്യോമാക്രമണങ്ങളും കാരണം ലക്ഷക്കണക്കിന് ഫലസ്തീനികൾ ഗസ്സയിലെ ഒരു പ്രദേശത്തേക്ക് ചുരുങ്ങി. മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ സഹായ പ്രവർത്തനങ്ങളും നിലച്ചു. ഒഴിപ്പിക്കൽ ഉത്തരവുകളെ തുടർന്ന് ആയിരങ്ങൾക്കാണ് നിരവധി തവണ പലായനം ചെയ്യേണ്ടിവന്നത്.
സുരക്ഷിത മേഖലയെന്ന് ഇസ്രായേൽ പ്രഖ്യാപിച്ച മേഖല മൊത്തം ഗസ്സ മുനമ്പിന്റെ 11 ശതമാനമായി ചുരുങ്ങിയെന്ന് അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസിയുടെ സീനിയർ ഡെപ്യൂട്ടി ഫീൽഡ് ഡയറക്ടർ സാം റോസ് പറഞ്ഞു. ഒരു തരത്തിലും ജീവിക്കാൻ കഴിയാത്തതായി ഈ 11 ശതമാനം പ്രദേശം മാറിയെന്നും അദ്ദേഹം പറഞ്ഞു. ശോച്യമായ ഈ സാഹചര്യമാണ് ഗസ്സയിൽ വീണ്ടും പോളിയോ രോഗം പിടിപെടാനിടയാക്കിയത്.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാൻ ശനിയാഴ്ച തുടങ്ങാനിരുന്ന യു.എൻ പദ്ധതി അനിശ്ചിതാവസ്ഥയിലാണ്. ഇസ്രായേൽ സേന തടയുന്നതിനാൽ 500 ട്രക്കുകൾക്ക് പകരം 100 ട്രക്കുകൾ മാത്രമാണ് സഹായവുമായി ഗസ്സയിലെത്തുന്നത്. ഈ നടപടി പത്ത് ലക്ഷം ഫലസ്തീനികളെയാണ് പട്ടിണിയിലേക്ക് തള്ളിവിട്ടത്. ഞായറാഴ്ചത്തെ ഇസ്രായേലിന്റെ ഏറ്റവും പുതിയ ഒഴിപ്പിക്കൽ ഉത്തരവിൽ ദാർ അൽ ബലാഹിലെ യു.എൻ കേന്ദ്രം അടച്ചുപൂട്ടാൻ നിർബന്ധിതമായിരിക്കുകയാണെന്ന് യു.എന്നിന്റെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സന്നദ്ധ പ്രവർത്തനം പുനരാരംഭിക്കാൻ ഇസ്രായേലുമായി യു.എൻ ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.