സെയ്ഫ് അൽ ആദിൽ അൽഖാഇദയുടെ പുതിയ മേധാവിയെന്ന് യു.എൻ
text_fieldsന്യൂയോർക്: ആഗോള ഭീകരസംഘടനയായ അൽഖാഇദയുടെ തലവനായി സെയ്ഫ് അൽ ആദിലിനെ നിയമിച്ചതായി യു.എൻ റിപ്പോർട്ട്. അയ്മൻ അൽ സവാഹിരി യു.എസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ആദിൽ അൽഖാഇദയുടെ തലപ്പത്ത് എത്തിയത്. കാബൂളിൽ വെച്ച് കഴിഞ്ഞ വർഷമാണ് യു.എസ് മിസൈൽ ആക്രമണത്തിൽ സവാഹിരി കൊല്ലപ്പെട്ടത്.
അതേസമയം, സവാഹിരിയുടെ പിൻഗാമിയെ അൽഖാഇദ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2011ൽ ഉസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനു ശേഷം അൽഖാഇദയെ നയിച്ചത് സവാഹിരി ആയിരുന്നു. സവാഹിരിയുടെ മരണത്തിനു ശേഷമാണ് ആദിൽ നേതാവായി ഉയർന്നുവന്നത്.
അന്താരാഷ്ട്ര ഏജൻസികളുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ പെട്ട ഭീകരനാണ് ആദിൽ. ഈജിപ്തിലെ പ്രത്യേക സേനയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു സെയ്ഫ് ആദിൽ. ആദിലിന്റെ തലക്ക് ഒരു കോടി ഡോളറാണ് വിലയിട്ടിരിക്കുന്നത്.
ജനുവരിയിൽ യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ അൽഖാഇദയുടെ തലവനാരെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ യു.എൻ നവംബറിലും ഡിസംബറിലും അംഗരാഷ്ട്രങ്ങളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സെയ്ഫ് അൽ ആദിൽ ഭീകരസംഘടനയുടെ പരമോന്നത നേതാവായി പ്രവർത്തിക്കുകയാണെന്ന് കണ്ടെത്തിയത്. രഹസ്യമായി അൽഖാഇദയെ ശക്തിപ്പെടുത്തുകയാണ് ആദിലിന്റെ ലക്ഷ്യമെന്ന് യു.എൻ പറയുന്നു. ഇയാളുടെ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് അന്താരാഷ്ട്ര ഏജൻസികളുടെ പക്കലുള്ളത്. വിശദമായ വിവരങ്ങളും ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.