സന്ധിവാതം അലട്ടുന്നു; വർഷാവസാനത്തോടെ വിരമിച്ചേക്കുമെന്ന് സൈന നെഹ്‌വാൾ
text_fieldsന്യൂഡൽഹി: സന്ധിവേദനയോട് പോരാടുകയാണെന്നും ഈ വർഷം അവസാനത്തോടെ ബാഡ്മിന്‍റണിൽ തന്റെ ഭാവി തീരുമാനിക്കേണ്ടിവരുമെന്നും വെളിപ്പെടുത്തി ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്‌വാൾ. തന്റെ കരിയർ അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന വസ്തുത ഇനി അവഗണിക്കാനാവില്ലെന്ന് 2010, 2018 കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുകൂടിയായ നെഹ്‌വാൾ പറഞ്ഞു. ‘മുട്ടിന് അത്ര സുഖമില്ല. എനിക്ക് ആർത്രൈറ്റിസ് ഉണ്ട്. തരുണാസ്ഥി മോശമായ അവസ്ഥയിലേക്ക് പോയി. എട്ടും ഒമ്പതും മണിക്കൂർ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് -ഗഗൻ നാരംഗിന്റെ ഷൂട്ടിംഗ് സംഘടിപ്പിച്ച ‘ഹൗസ് ഓഫ് ഗ്ലോറി’ പോഡ്‌കാസ്റ്റിൽ നെഹ്‌വാൾ പറഞ്ഞു.
ഇത്തരമൊരു അവസ്ഥയിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ എങ്ങനെ വെല്ലുവിളിക്കും? ഉയർന്ന തലത്തിലുള്ള കളിക്കാരുമായി കളിക്കാനും ആഗ്രഹിച്ച ഫലം നേടാനും രണ്ട് മണിക്കൂർ പരിശീലനം ഇപ്പോൾ പര്യാപ്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഞാൻ റിട്ടയർമെന്‍റിനെക്കുറിച്ച് ആലോചിക്കുന്നു. അത് സങ്കടകരമാണ്. ഒരു കായികതാരത്തിന്റെ കരിയർ എപ്പോഴും ഹ്രസ്വമാണ്. 9 വയസ്സിൽ ഞാനിതാരംഭിച്ചു. ഇനി അടുത്ത വർഷമാവുമ്പോൾ 35 ആവുമെന്നും അവർ പറഞ്ഞു. എനിക്ക് ഒരു നീണ്ട കരിയർ ഉണ്ടായിരുന്നുവെന്നതിൽ ഞാൻ അഭിമാനിക്കുന്നു -അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ ബി.ജെ.പി അംഗം കൂടിയായ താരം ഒരു വർഷം മുമ്പ് സിംഗപ്പൂർ ഓപ്പണിലാണ് അവസാനമായി കളിച്ചത്. അവിടെ ഓപ്പണിംഗ് റൗണ്ടിൽ പരാജയപ്പെട്ടു.
മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന ഈ 34കാരി 2012ൽ ലണ്ടനിൽ വെങ്കലത്തോടെ ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ഷട്ടിൽ താരമായി. പരിക്കുകൾ മൂലം തടസ്സപ്പെടുന്നതിന് മുമ്പ് ഗെയിംസിന്റെ മൂന്ന് പതിപ്പുകളിൽ പങ്കെടുത്തു. ഒളിമ്പിക്‌സിൽ മത്സരിക്കുക എന്നത് തന്റെ ബാല്യകാല സ്വപ്നമായിരുന്നുവെന്നും തുടർച്ചയായി രണ്ട് പതിപ്പുകൾ നഷ്ടമായത് വേദനാജനകമാണെന്നും എന്നാൽ, ഗെയിംസിലെ തന്റെ കളി അഭിമാനത്തോടെയാണ് തിരിഞ്ഞുനോക്കുന്നതെന്നും നെഹ്‌വാൾ പറഞ്ഞു. ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. മൂന്ന് ഒളിമ്പിക്സുകളിൽ മത്സരിച്ചു. അതിലെല്ലാം എന്റെ കഴിവിന്റെ 100 ശതമാനവും നൽകിയെന്നും പത്മശ്രീ അവാർഡ് ജേതാവു കൂടിയായ നെഹ്‌വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.