റഫാല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങള്‍; ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങി
text_fieldsന്യൂഡൽഹി: മോദിസർക്കാറിന് വീണ്ടും തലവേദനയായി റഫാൽ പോർവിമാന ഇടപാട് പുകഞ്ഞു കത്തുന്നു. അഴിമതി ആരോപണം മുൻനിർത്തി ഫ്രാൻസിെൻറ ദേശീയ സാമ്പത്തിക കുറ്റവിചാരണ കാര്യാലയം (പി.എൻ.എഫ്) ഈ ഇടപാടിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ, സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ശക്തമാക്കി.
ഫ്രാൻസിലെ അന്വേഷണാത്മക വെബ് പോർട്ടലായ മീഡിയപാർട്ട് തുടർച്ചയായി പുറത്തുവിട്ട വിവരങ്ങൾ മുൻനിർത്തിയാണ് അവിടത്തെ ജുഡീഷ്യൽ അന്വേഷണം. റഫാൽ കരാർ നേടിയെടുക്കാൻ 10 ലക്ഷം യൂറോ ഇന്ത്യൻ ഇടനിലക്കാരന് കമീഷൻ നൽകിയതിെൻറയും മറ്റും വിശദാംശങ്ങളാണ് പുറത്തായത്.
റഫാൽ നിർമിക്കുന്ന ദസോ ഏവിയേഷൻ കമ്പനിയുടെ ഉപകരാറുകാരായ ഡിഫ്സിസ് സൊലൂഷൻസിെൻറ സുഷൻ ഗുപ്ത ഇതിൽ പ്രതിക്കൂട്ടിലാണ്. അഗസ്റ്റ വെസ്റ്റ്ലാൻഡ് വി.വി.ഐ.പി ഹെലികോപ്ടർ ഇടപാടിലെ അഴിമതിക്കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.ഐയും നടത്തിയ അന്വേഷണങ്ങളിൽ സുഷൻ ഗുപ്ത നേരത്തേ അറസ്റ്റിലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡൻറ് നിക്കോളാസ് ഹോളണ്ടെയുമായുള്ള ചർച്ചകളെ തുടർന്ന് 2016 സെപ്റ്റംബറിലാണ് 36 റഫാൽ പോർവിമാനങ്ങൾക്കുള്ള 59,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചത്. റഫാൽ കരാർ മോദി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുേമ്പ പ്രമുഖ വ്യവസായി അനിൽ അംബാനിയും ദസോയും പങ്കാളിത്ത കരാർ ഉണ്ടാക്കിയെന്നും മീഡിയപാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. അംബാനിയെ ഇന്ത്യൻ പങ്കാളിയാക്കണമെന്ന സമ്മർദം ഫ്രാൻസിനു മേൽ ഉണ്ടായിരുന്നുവെന്ന ആരോപണം നിലനിൽക്കേയാണിത്.
108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ (എച്ച്.എ.എൽ) നിർമിക്കാൻ സാങ്കേതികവിദ്യ കൈമാറുന്നതടക്കം 128 റഫാൽ വിമാനങ്ങൾക്കായി യു.പി.എ സർക്കാർ രൂപപ്പെടുത്തിയ ഇടപാട് ഉപേക്ഷിച്ചാണ് 36 എണ്ണം നേരിട്ടുവാങ്ങാൻ മോദി കരാറുണ്ടാക്കിയത്.
റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും മറ്റും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സർക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി. ജെ.പി.സി അന്വേഷണം വേണമെന്ന വിവിധ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതുമില്ല. രഞ്ജൻ ഗൊഗോയ് പിന്നീട് രാജ്യസഭാംഗമായി.
ഫ്രാൻസിലെ അന്വേഷണത്തിെൻറ പശ്ചാത്തലത്തിൽ 19ന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ ജെ.പി.സി അന്വേഷണ ആവശ്യം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.
റഫാൽ പോർ വിമാനം
അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഇരട്ട എൻജിൻ യുദ്ധവിമാനങ്ങളാണ് റഫാല്‍. ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനാണ് നിര്‍മാതാക്കള്‍. നിര്‍മാണം ആരംഭിക്കുന്നത് എണ്‍പതുകളില്‍. 2001ല്‍ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുണ്ട്. ആറു മിസൈലുകളും മൂന്ന് ബോംബര്‍ മിസൈലുകളും ഘടിപ്പിക്കാവുന്ന മാരക പ്രഹരശേഷിയുണ്ട്.
അഴിമതി തെളിഞ്ഞു –കോൺഗ്രസ്
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ അഴിമതി ഉണ്ടായെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതാണ് ഫ്രാൻസ് പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണമെന്ന് കോൺഗ്രസ്. ഈ സാഹചര്യത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല ആവശ്യപ്പെട്ടു.
ഇടപാടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. എന്നാൽ, ഇത്തരമൊരു അന്വേഷണമല്ല, ജെ.പി.സി അന്വേഷണമാണ് വേണ്ടതെന്ന് സുർജേവാല പറഞ്ഞു. ജെ.പി.സിക്ക് വിപുലമായ അധികാരങ്ങളുണ്ട്.
പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരടക്കം സാക്ഷികളെ വിളിപ്പിക്കാം. സുപ്രീംകോടതിക്കോ കേന്ദ്ര വിജിലൻസ് കമീഷനോ സർക്കാർ നൽകാത്ത എല്ലാ ഫയലുകളും പരിശോധിക്കാം. ഇതിനൊന്നും കോടതിക്ക് അധികാരമില്ല. അഴിമതിയില്ലെന്ന് ആവർത്തിക്കുന്ന സർക്കാറിന് ഇതിലൊന്നും ഭയക്കേണ്ട കാര്യമില്ല. റഫാൽ ഇടപാടിനെക്കുറിച്ച് ഫ്രാൻസിന് അന്വേഷണം നടത്താമെങ്കിൽ ഇന്ത്യക്ക് എന്തുകൊണ്ട് പറ്റില്ലെന്ന് സുർജേവാല ചോദിച്ചു.
ശുദ്ധനുണ: ബി.ജെ.പി
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ കള്ളം പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി. റിലയൻസുമായി പങ്കാളിത്ത കരാർ ഉണ്ടാക്കാൻ ദസോ കമ്പനിക്കു മേൽ സമ്മർദമുണ്ടായിരുന്നുവെന്ന് കോൺഗ്രസ് പറഞ്ഞു പരത്തുകയാണ്. അക്കാര്യം ഫ്രഞ്ച് സർക്കാർ തന്നെ നിഷേധിച്ചിട്ടുണ്ട്. ഇടപാടിന് സുപ്രീംകോടതിയും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും ശുദ്ധിപത്രം നൽകിയതാണ് – ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.