സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും കൈയിന്റെ ചലനശേഷിയും നഷ്ടമായി
text_fieldsന്യൂയോർക്ക്: ആഗസ്റ്റ് 12ന് ന്യൂയോർക്കിലെ സാഹിത്യ പ്രഭാഷണ പരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടമായി. റുഷ്ദിയുടെ ഏജന്റ് ആൻഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് പത്രം എൽ പെയ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
''സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകൾ മുറിഞ്ഞതിനാൽ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിന് മാരകമായ മൂന്ന് കുത്തുകളും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തുകളുമേറ്റിരുന്നു. ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. '' ആൻഡ്ര്യൂ വൈലി പറഞ്ഞു.
പടിഞ്ഞാറൻ ന്യൂയോർക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽവെച്ചാണ് റുഷ്ദിക്കുനേരെ വധശ്രമമുണ്ടായത്. സാഹിത്യപ്രഭാഷണപരിപാടിയിൽ പങ്കെടുക്കവെ, ന്യൂജേഴ്‌സിയിലെ ഫെയർവ്യൂവിൽ താമസിച്ചിരുന്ന 24കാരനായ ഹാദി മാതർ എന്നയാൾ കത്തിയുമായി വേദിയിലേക്കെത്തി റുഷ്ദിയെ അക്രമിക്കുകയായിരുന്നു. പ്രഥമശുശ്രൂഷക്കു ശേഷം ഹെലികോപ്റ്ററിലാണ് 75കാരനെ പെൻസിൽവാനിയയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് പിടികൂടിയിരുന്നു.
'സാത്താനിക് വേഴ്സസ്' എന്ന നോവൽ 1988ൽ പ്രസിദ്ധീകരിച്ചത് മുതൽ മതനിന്ദ ആരോപിച്ച് റുഷ്ദിക്കുനേരെ നിരവധി വധഭീഷണികളുണ്ടായിരുന്നു. ഇറാൻ പുസ്തകം നിരോധിക്കുകയും സൽമാൻ റുഷ്ദിയുടെ ജീവനെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ദശാബ്ദത്തോളം ഒളിവിലായിരുന്ന റുഷ്ദി ന്യൂയോർക്കിൽ താമസിച്ചുവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.