ട്രംപിന്റെ യു.എസ് എയ്ഡ് വെളിപ്പെടുത്തലിൽ കേന്ദ്രത്തിന്റെ മൗനം ദുരൂഹം; മോദി വ്യക്തമാക്കണമെന്ന് റാംജി ലാൽ സുമൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണത്തെ സ്വാധീനിക്കാൻ യു.എസ് എയ്ഡ് 21 മില്യൺ ഡോളർ ചെലവഴിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ സർക്കാർ മൗനം പാലിക്കുന്നതിൽ ‘ദുരൂഹത’ യുണ്ടെന്ന് സമാജ്‌വാദി പാർട്ടി രാജ്യസഭാംഗമായ റാംജി ലാൽ സുമൻ.
ട്രംപിന്റെ ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തത വരുത്തണമെന്നും സുമൻ ആവശ്യപ്പെട്ടു. വിഷയത്തിൽ കഴിഞ്ഞ മാസം ബി.ജെ.പിയും കോൺഗ്രസും വാഗ്വാദത്തിലേർപ്പെട്ടിരുന്നു. ട്രംപ് മോദിയുടെ സുഹൃത്താണ്. ഈ വിഷയത്തിൽ സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? പ്രധാനമന്ത്രി സഭയിൽ വന്ന് ഈ വിഷയം വ്യക്തമാക്കണം. സർക്കാറിന്റെ മൗനം എന്തോ ദുരൂഹതയുണ്ടെന്ന് കാണിക്കുന്നു- എസ്.പി നേതാവ് പറഞ്ഞു.
മറ്റൊരാളെ തെരഞ്ഞെടുക്കാൻ ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണത്തെ സ്വാധീനിക്കാൻ യു.എസ്.എ.ഐ.ഡി 21 മില്യൺ ഡോളർ ചെലവഴിച്ചതായി ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ആർക്കാണ് പണം ലഭിച്ചതെന്നും എപ്പോഴാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. വിഷയത്തിൽ ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പിൽ വിദേശ സഹായം തേടിയതായി ബി.ജെ.പി തിരിച്ച് ആരോപണമുന്നയിക്കുകയായിരുന്നു.
ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണത്തിനായി യു.എസ്.എ.ഐ.ഡി ഫണ്ട് ചെലവഴിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നും ഇത് ഇന്റലിജൻസ് പരാജയത്തെക്കുറിച്ച് സൂചന നൽകുന്നുണ്ടെന്നും സുമൻ പറഞ്ഞു.
‘വോട്ടർമാരുടെ എണ്ണത്തിനായി ധനകാര്യ മന്ത്രാലയം ഫണ്ട് നൽകുന്നില്ലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടില്ല. യു.എസ്.എ.ഐ.ഡി ഇന്ത്യയിൽ ഇത്രയും തുക ചെലവഴിച്ചെങ്കിൽ നമ്മുടെ ഇന്റലിജൻസ് എന്ത് ചെയ്യുകയായിരുന്നു?’-സുമൻ ചോദിച്ചു.
2023-24ൽ ഇന്ത്യൻ സർക്കാറുമായി സഹകരിച്ച് യു.എസ്.എ.ഐ.ഡി 750 മില്യൺ ഡോളറിന്റെ ഏഴു പദ്ധതികൾക്ക് ധനസഹായം നൽകിയതായി ധനകാര്യ മന്ത്രാലയം അതിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.