ഉപരോധം: വിദേശ വായ്പ തിരിച്ചടവ് തെറ്റി റഷ്യ
text_fieldsമോസ്കോ: 1918ലെ ബോൾഷെവിക് വിപ്ലവത്തിനുശേഷം ആദ്യമായി വിദേശ വായ്പ തിരിച്ചടവ് തെറ്റി റഷ്യ. രണ്ടു വിദേശ കറൻസി ബോണ്ടുകളിൽ ഞായറാഴ്ചയാണ് 10 കോടി ഡോളറിന്റെ തിരിച്ചടവ് തെറ്റിയത്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് യു.എസ് കാർമികത്വത്തിൽ നിലവിൽവന്ന ഉപരോധം റഷ്യയെ ആഗോള സാമ്പത്തിക സംവിധാനത്തിനു പുറത്തുനിർത്തിയിരുന്നു. ഇതോടെ, വായ്പ തിരിച്ചടക്കാൻ വഴികളടഞ്ഞതാണ് നിലവിലെ തടസ്സം. റഷ്യൻ സമ്പദ്‍വ്യവസ്ഥയെ ഇത് ബാധിക്കില്ല. 1918ലെ ബോൾഷെവിക് വിപ്ലവത്തിൽ അധികാരത്തിലേറെ വ്ലാദിമിർ ലെനിൻ വിദേശ വായ്പകൾ അടക്കാൻ വിസമ്മതിച്ചപ്പോഴാണ് റഷ്യക്ക് ഇതിനുമുമ്പ് തിരിച്ചടവ് തെറ്റിയത്.
വായ്പ തുക അടക്കാൻ വഴികൾ അടച്ചതിനാൽ ഇത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് റഷ്യൻ ധനമന്ത്രി ആന്റൺ സില്വാനോവ് പറഞ്ഞു. ഇപ്പോഴും റഷ്യൻ എണ്ണ വിദേശത്തേക്ക് ഒഴുകുന്നതിനാൽ ആവശ്യമായ തുക അക്കൗണ്ടുകളിലുണ്ട്. അവ പക്ഷേ, ഇടപാടുകാരിലേക്ക് എത്തിക്കാനുള്ള മാർഗങ്ങൾ ഉപരോധംമൂലം അടഞ്ഞുകിടക്കുകയാണ്.
യു.എസ് ഇടപാടുകാർക്ക് റഷ്യൻ ബോണ്ടുകളിൽ പണം സ്വീകരിക്കാൻ കഴിഞ്ഞ മാസം യു.എസ് ട്രഷറി വകുപ്പ് ഇളവ് അനുവദിച്ചിരുന്നു. വിദേശ വായ്പകൾ സ്വന്തം നാണയമായ റൂബിളിൽ തിരിച്ചടക്കുന്നതിന് കഴിഞ്ഞയാഴ്ച റഷ്യ സംവിധാനമേർപ്പെടുത്തിയിരുന്നു. ചില സ്ഥാപനങ്ങൾ ഇത് പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.