ഭൂട്ടാനിൽ ഗ്രാമം മാത്രമല്ല, ചൈനക്ക് ഡോക്ലാമിനരികിലൂടെ റോഡും - ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കെ, ഭൂട്ടാനിലെ പ്രദേശങ്ങൾ ഉപയോഗിച്ച് ചൈന ആശങ്കജനകമായ നീക്കങ്ങൾ നടത്തുന്നതിൻ്റെ തെളിവുകൾ പുറത്ത്. ഭൂട്ടാനിൽ രണ്ടു കിലോമീറ്റർ ഉള്ളിലായി ചൈന ഒരു ഗ്രാമം സൃഷ്ടിച്ചതിൻ്റെ കൂടുതൽ വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങൾ എൻ.ഡി.ടി.വിയാണ് പുറത്തുവിട്ടത്.
തങ്ങളുടെ പ്രദേശം കൈയേറി ചൈന ഗ്രാമം സ്ഥാപിച്ചു എന്ന റിപ്പോർട്ട് ഭൂട്ടാൻ നിഷേധിക്കുന്നുണ്ടെങ്കിലും വാർത്ത ശരിയാണെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങൾ. പാംഗ്ഡ എന്ന ചൈനീസ് ഗ്രാമത്തിലൂടെ റോഡ് നിർമ്മിച്ചിരിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്. 2017ൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ദിവസങ്ങളോളം മുഖാമുഖം നിന്ന ഡോക്ലോം പീഠഭൂമിക്ക് ഒമ്പതു കിലോമീറ്റർ അടുത്താണ് ഈ ചൈനീസ് ഗ്രാമം. ഇവിടെ നിർമ്മിച്ചിരിക്കുന്ന റോഡിലൂടെ തന്ത്രപ്രധാനമായ സോംപെൽറി കുന്നുകളിലേക്ക് പാത നിർമ്മിക്കാൻ ചൈനക്ക് കഴിയുമെന്നാണ് ആശങ്കയുയരുന്നത്. 2017ൽ നടന്ന സംഘർഷത്തിൽ ചൈന ഇവിടേക്ക് കടക്കുന്നത് ഇന്ത്യൻ സൈന്യം തടഞ്ഞിരുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷങ്ങളില്‍ ഒന്നാണ് ഡോക്ലാമില്‍ അരങ്ങേറിയത്. ഇത് രണ്ടര മാസത്തോളം നീണ്ടു. ഇക്കഴിഞ്ഞ ജൂണില്‍ കിഴക്കന്‍ ലഡാക്കിൽ ചൈന നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം ഉരുണ്ടുകൂടുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.
ഭൂട്ടാനിൽ രണ്ടു കിലോമീറ്റർ ഉള്ളിലായി ചൈന ഒരു ഗ്രാമം സൃഷ്ടിച്ചെന്ന് ചൈനീസ് സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള സി.ജി.ടി.എന്നിലെ ന്യൂസ് പ്രൊഡ്യുസർ ഷെൻ ഷിവിയാണ് ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്തത്. ഇത് പിന്നീട് പിൻവലിക്കുകയും ചെയ്തു.
അതേസമയം, ഭൂട്ടാനിൽ ചൈനീസ് ഗ്രാമങ്ങളില്ലെന്നാണ് ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ മേജർ ജനറൽ വെറ്റ്സോപ് നംഗ്യെൽ വാർത്താ ഏജൻസികളോട് പറഞ്ഞത്.
ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധമുള്ള ഭൂട്ടാനും ഇന്ത്യയുമായി അതിർത്തി തർക്കമുള്ള ചൈനയും തമ്മിലുള്ള ബന്ധം ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. ചൈനയും ഭൂട്ടാനും തമ്മിൽ നയതന്ത്ര ബന്ധമില്ല. എന്നാൽ, അതിർത്തി തർക്കം സംബന്ധിച്ച് നിശ്ചിത കാലയളവിൽ ഉദ്യോഗസ്ഥതല ചർച്ച നടക്കാറുണ്ട്. അടുത്തിടെ 24 തവണയാണ് ഇത്തരം ചർച്ച നടന്നത്.
ഇന്ത്യയാകട്ടെ, കൊറോണ വാക്സിൻ വികസിപ്പിച്ചെടുത്താലുടൻ ഭൂട്ടാന് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉടൻ ഭൂട്ടാനീസ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയാറെടുപ്പിലുമാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.