റൺവേയിലും തിങ്ങിനിറഞ്ഞ് ജനം; അഫ്ഗാൻ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സാറ്റലൈറ്റ് ദൃശ്യങ്ങൾ
text_fieldsകാബൂൾ: താലിബാൻ അധികാരം പിടിച്ചടക്കിയതോടെ അഫ്ഗാനിസ്താനിൽ തുടരുന്ന അനിശ്ചിതാവസ്ഥയുടെ ആഴം വ്യക്തമാക്കി കാബൂൾ നഗരത്തിന്‍റെയും വിമാനത്താവളത്തിന്‍റെയും ഉപഗ്രഹ ദൃശ്യങ്ങൾ. ജനം തിങ്ങിനിറഞ്ഞ വിമാനത്താവളത്തിൽ റൺവേയിൽ വരെ ആളുകൾ കൂടിയിരിക്കുന്നത് ചിത്രങ്ങളിൽ കാണാം.
കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളത്തിന് പുറത്തെ പാതകളിലും ജനങ്ങളും വാഹനങ്ങളും തിങ്ങിനിറഞ്ഞ സാഹചര്യമാണ്. താലിബാന്‍റെ പിടിയിലായ അഫ്ഗാൻ വിട്ട് സുരക്ഷിത താവളം തേടാനുള്ള വ്യഗ്രതയിലാണ് കൈക്കുഞ്ഞുങ്ങളുമായി അഫ്ഗാൻ കുടുംബങ്ങൾ വിമാനത്താവളത്തിലേക്കോടുന്നത്.
ആയിരക്കണക്കിനാളുകൾ നിറഞ്ഞതോടെ കഴിഞ്ഞ ദിവസം യു.എസ് സൈന്യത്തിന് വെടിയുതിർക്കേണ്ടി വന്നിരുന്നു. യു.എസ് സൈന്യമാണ് വിമാനത്താവളം നിയന്ത്രിക്കുന്നത്. ഇന്നലെ, സൈനിക വിമാനത്തിന്‍റെ ചക്രത്തോട് ശരീരം ബന്ധിച്ച് പുറത്തുകടക്കാൻ ശ്രമിച്ച രണ്ട് പേർ വീണ് മരിച്ചിരുന്നു. ഇതുകൂടാതെ, ആകെ ഏഴ് പേർ വിമാനത്താവളത്തിൽ കൊല്ലപ്പെട്ടതായാണ് യു.എസ് സൈന്യം അറിയിച്ചത്.
640 പേരുമായി സൈനിക വിമാനം പറന്നുയരുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ വിമാന സർവിസ് നിർത്തിവെച്ചത് പിന്നീട് പുനരാരംഭിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.