റഷ്യക്കും യുക്രെയ്നുമിടയിൽ മധ്യസ്ഥത്തിന് തയാറെന്ന് സൗദി
text_fieldsറിയാദ്: യുക്രെയ്നിയൻ സംഘർഷത്തിൽ കക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ സൗദി അറേബ്യ തയാറാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം രാജ്യത്തിന്‍റെ പ്രഖ്യാപിത നിലപാട് വ്യക്തമാക്കിയത്.
പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളെ സൗദി പിന്തുണക്കുമെന്നും കിരീടാവകാശി പറഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്‌കിയുമായും ഫോണിൽ സംസാരിച്ച കിരീടാവകാശി, മധ്യസ്ഥത വഹിക്കാനുള്ള സൗദിയുടെ സന്നദ്ധത ആവർത്തിച്ചു. രാഷ്ട്രീയമായി പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും രാജ്യത്തിന്‍റെ പൂർണ പിന്തുണ സ്ഥിരീകരിക്കുകയും ചെയ്തു.
സൗദി അറേബ്യയിലുള്ള യുക്രെയ്നിയൻ പൗരമാരായ സന്ദർശകർ, വിനോദ സഞ്ചാരികൾ, തൊഴിലാളികൾ എന്നിവരുടെ കാലാവധി അവസാനിക്കാൻ പോകുന്ന വിസകൾ മാനുഷിക പരിഗണന കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് നീട്ടി നൽകുമെന്നും കിരീടാവകാശി പ്രസിഡന്‍റ് സെലൻസ്കിയെ അറിയിച്ചു. സൗദി ഭരണകൂടം രാജ്യത്തെ യുക്രെയ്നിയൻ പൗരമാരുടെ സുഖസൗകര്യങ്ങളിലും സുരക്ഷയിലും ശ്രദ്ധാലുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പുടിനുമായി ഫോണിൽ സംസാരിക്കവേ ഊർജ വിപണിയിൽ യുക്രെയ്ൻ പ്രതിസന്ധി സൃഷ്ടിക്കുന്ന ആഘാതം സംബന്ധിച്ച് സൂചിപ്പിച്ച കിരീടാവകാശി,എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിർത്താനാണ് രാജ്യം ശ്രമിക്കുന്നതെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒപെക്സ് പ്ലസ് രാജ്യങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും റഷ്യൻ പ്രസിഡന്‍റും സൗദി കിരീടാവകാശിയും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.