സൗദി ശ്രമങ്ങളെ സ്വാഗതംചെയ്ത് യു.എൻ സുരക്ഷ കൗൺസിൽ
text_fieldsറിയാദ്: യമൻ പ്രതിസന്ധി പരിഹരിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ സ്വാഗതംചെയ്ത് ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ. യമനിലെ സൗദി സ്ഥാനപതിയും യമൻ പുനർനിർമാണത്തിനുള്ള സൗദി പദ്ധതിയുടെ സൂപ്പർവൈസർ ജനറലുമായ മുഹമ്മദ് ബിൻ സഈദ് ആലു ജാബിർ ഒമാൻ പ്രതിനിധി സംഘത്തോടൊപ്പം യമൻ തലസ്ഥാനമായ സൻആ സന്ദർശിച്ചതിനെ നല്ല ചുവടുവെപ്പായി സുരക്ഷ കൗൺസിൽ രാജ്യങ്ങൾ വിശേഷിപ്പിച്ചു.
വെള്ളിയാഴ്ച സുരക്ഷ കൗൺസിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ, യമനിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യു.എൻ മധ്യസ്ഥശ്രമങ്ങൾക്ക് സൗദിയും ഒമാനും നൽകുന്ന തുടർച്ചയായ പിന്തുണയെ അഭിനന്ദിച്ചു.ഇറാനും സൗദി അറേബ്യയും തമ്മിലുള്ള അനുരഞ്ജനത്തിന് ചൈന ഇടനിലക്കാരായതിനെത്തുടർന്നാണ് യമനിലെ ആഭ്യന്തരസംഘർഷം അവസാനിപ്പിക്കാൻ ഒമാനും സൗദിയും മുൻകൈയെടുത്തതും അതിന്റെ ഭാഗമായി യമനിലെ സൗദി അംബാസഡർ സൻആയിലെത്തി ഹൂതി നേതൃത്വവുമായി ചർച്ച നടത്തിയതും.
വെടിനിർത്തൽ കരാറിന്റെ കരട് രേഖയിൽ ഇരുപക്ഷവും അന്ന് ഒപ്പുവെക്കുകയും തടവുകാരെ പരസ്പരം വിട്ടയക്കുകയും ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ, സുരക്ഷ കൗൺസിൽ പ്രമേയങ്ങളുടെയും പ്രസക്തമായ ചട്ടക്കൂടുകളുടെയും അടിസ്ഥാനത്തിൽ യമൻ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സുരക്ഷ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയുടെ മേൽനോട്ടത്തിൽ സമഗ്രമായ വെടിനിർത്തലിലേക്കും തുടർന്നുള്ള രാഷ്ട്രീയ പരിഹാരത്തിലേക്കുമുള്ള വിലപ്പെട്ട ചുവടുവെപ്പുകളാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ.അതിൽ പങ്കാളിത്തം വഹിക്കാനും സമാധാന പ്രക്രിയയിൽ ക്രിയാത്മകമായി ഏർപ്പെടാനും അവർ യമനിലെ കക്ഷികളോട് സുരക്ഷ കൗൺസിൽ ആവശ്യപ്പെട്ടു.
യമൻ പ്രതിസന്ധിക്ക് രാഷ്ട്രീയപരിഹാരം കാണുന്നതിനും യമൻ ജനതയുടെ ദുരിതം അവസാനിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും കൗൺസിൽ അംഗരാജ്യങ്ങൾ തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.