സമാധാനത്തിലേക്ക് കണ്ണുനട്ട് സൗദി-ഹൂതി ചർച്ച; തടവുകാരെ കൈമാറി
text_fieldsസൻആ: യമനിലെ ഹൂതി വിമതരും സൗദിയും സമാധാന ചർച്ച നടത്തി. ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലെ ധാരണ പ്രകാരം തടവുകാരെ കൈമാറാൻ യമനിലെത്തിയ സൗദി അധികൃതരെ ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ മേധാവി മഹ്ദി അൽ മഷാതിന്റെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു. സമാധാനം സാധ്യമാക്കുന്നതിൽ നിർണായക ചുവടുവെപ്പാണിതെന്ന് യു.എന്നിന്റെ യമൻ പ്രതിനിധി ഹാൻസ് ഗ്രുൻഡ്ബെർഗ് പറഞ്ഞു.
സൗദിയും ഇറാനും സൗഹൃദം പുനഃസ്ഥാപിക്കുന്നതിന്റെ തുടർച്ചയാണ് ഇറാന്റെ പിന്തുണയുള്ള ഹൂതികളും സൗദിയുമായി ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ സ്വിറ്റ്സർലൻഡിൽ നടത്തിയ ചർച്ചയിൽ 887 തടവുകാരെ മോചിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.
13 ഹൂതി തടവുകാരെ കഴിഞ്ഞ ദിവസം കൈമാറി. ഹൂതികൾ കസ്റ്റഡിയിലെടുത്തിരുന്ന സൗദി പൗരന്മാരെയും വിട്ടയച്ചിട്ടുണ്ട്. എണ്ണം വ്യക്തമല്ല. ഒമാനും മാധ്യസ്ഥ്യ ശ്രമങ്ങളിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഒമാൻ പ്രതിനിധികളും ചർച്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.