ഹൂതികളെ ഭീകരരായി പ്രഖ്യാപിക്കണമെന്ന് യു.എൻ രക്ഷാസമിതിയിൽ സൗദി
text_fieldsയാംബു: യമനിൽ ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദ സായുധ സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് യു.എൻ രക്ഷാസമിതിയിൽ സൗദി അറേബ്യ ആവശ്യപ്പെട്ടു. കൗൺസിൽ അവലോകന യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ സൗദി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽ-വാസിലാണ് ആവശ്യം ഉന്നയിച്ചത്. ഹൂതികളെ തീവ്രവാദ വിഭാഗമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചെന്നും യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് സൗദി അറേബ്യ എല്ലാവിധ പിന്തുണയും നൽകുന്നത് തുടരുമെന്നും അംബാസഡർ പറഞ്ഞു.
ഹൂതികൾ വീണ്ടും ആക്രമിക്കുകയാണെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം സൗദിക്കുണ്ടെന്നും രാജ്യത്തിനെതിരെ ശത്രുതാപരമായ ആക്രമണങ്ങൾ ഉണ്ടായാൽ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്‌ടോബർ രണ്ടിന് വെടിനിർത്തൽ നീട്ടാനുള്ള യു.എൻ ദൂതന്റെ നിർദേശം ഹൂതികൾ നിരസിച്ചതിന് ലോകം സാക്ഷിയാണ്.
തങ്ങളുടെ തീവ്ര പ്രത്യയശാസ്ത്ര താൽപര്യങ്ങൾക്ക് പരിഗണന നൽകുകയും യമൻ ജനതയെ ബന്ദികളാക്കി യുദ്ധമുഖത്തേക്ക് തള്ളിവിടുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച് അറിയുന്നവർക്ക് വെടിനിർത്തൽ നിർദേശം അവർ തള്ളിക്കളഞ്ഞതിൽ അതിശയം തോന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമപരമായ സർക്കാറിനെതിരെ ഹൂതികൾ അട്ടിമറിക്ക് ശ്രമിച്ചപ്പോൾ 2014 മുതൽ നടന്ന അനേകം നിഗൂഢ പ്രവൃത്തികളുടെ തുടർച്ചയാണ് അവരുടെ വെടിനിർത്തൽ നിരാസം. ചെങ്കടലിൽ ദുരന്തപൂർണമായ നിരവധി പ്രവർത്തനങ്ങൾ ഹൂതികൾ ഇതിനകം ചെയ്തിട്ടുണ്ടെന്നും അനധികൃത ആയുധക്കടത്ത്, മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി വിനാശകരമായ ഭീകരപദ്ധതികൾ ചെയ്തതായും അംബാസഡർ വിവരിച്ചു.ഡ്രോണുകൾ വഴി അയൽരാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വരെ നശിപ്പിച്ചു. സമാധാനമല്ല അവർ ആഗ്രഹിക്കുന്നത്. യമൻ ജനതയുടെ കഷ്ടപ്പാടുകൾ അവർ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.