സ്ഫോടക വസ്തുക്കളുമായി വന്ന ഹൂതി ബോട്ടുകൾ സഖ്യസേന തകർത്തു
text_fieldsറിയാദ്: സൗദി തുറമുഖങ്ങൾ ലക്ഷ്യമാക്കി സ്ഫോടക വസ്തുക്കളുമായി വന്ന ബോട്ടുകൾ സഖ്യസേന തകർത്തു. യമൻ വിമത സായുധ സംഘമായ ഹൂതികളാണ് ഭീകരാക്രമണ ശ്രമത്തിന് പിന്നിലെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലിക്കി പറഞ്ഞു.
ശക്തമായ തിരിച്ചടി നൽകാൻ സഖ്യസേനക്ക് സാധിക്കുമെന്ന് ഹൂതികൾക്ക് ഇതിലൂടെ മുന്നറിയിപ്പ് നൽകി. ചെങ്കടലിലെ തെക്കേയറ്റത്തുനിന്ന് സൗദിയിലെ വിവിധ തുറമുഖങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ബോട്ടുകളാണ് സഖ്യസേന തകർത്തത്. സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ടുകൾ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കാവുന്നവയായിരുന്നു. ഹൂതി അധീനതയിലുള്ള ഹുദൈദ തുറമുഖത്തുനിന്നാണ് ഭീകരാക്രമണശ്രമം നടന്നതെന്നും വക്താവ് വ്യക്തമാക്കി.
ഹുദൈദ കേന്ദ്രീകരിച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും റിമോട്ട് കൺട്രോൾ ബോട്ടുകളും ഉപയോഗിച്ച് സൗദി അറേബ്യൻ അതിർത്തികളിലും തുറമുഖങ്ങളിലും തുടർച്ചയായി ആക്രമണം നടത്തുകയാണ് ഹൂതികൾ.
മാത്രമല്ല, ചരക്കുകപ്പലുകളുടെ പാതകളിൽ ധാരാളം കടൽ മൈനുകൾ ഇവർ സ്ഥാപിച്ചതായും മാലിക്കി കുറ്റപ്പെടുത്തി. കപ്പൽ ഗതാഗതത്തിന് മാത്രമല്ല, മേഖലയുടെയും ലോകത്തിെൻറയും സുരക്ഷക്കുതന്നെ ഭീഷണിയാണ് ഹൂതികളുടെ ഈ പ്രവൃത്തിയെന്നും സഖ്യസേന വക്താവ് പറഞ്ഞു. ഹൂതികളുടെ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ സഖ്യസേനക്ക് സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.