
ബ്രിട്ടനെ മുൾമുനയിലാക്കി സ്കൂൾ കുട്ടികളുടെ പറക്കുംതളിക ചിത്രം; പിടി വിടാതെ പ്രതിരോധ മന്ത്രാലയം
text_fieldsലണ്ടൻ: പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു പറ്റം സ്കൂൾ വിദ്യാർഥികൾ മൈതാനത്ത് കളിക്കുന്നതിനിടെ കണ്ട കാഴ്ച ക്രയോണുകളിൽ ജീവനെടുത്തപ്പോൾ ശരിക്കും ഞെട്ടിയത് ബ്രിട്ടനും ഒപ്പം ലോകവും. ചെഷയറിലെ മാക്ക്ൾസ്ഫീൽഡിൽ അപ്റ്റൺ പ്രയറി സ്കൂളിലാണ് 1977ൽ അത്യപൂർവ ദൃശ്യവിരുന്ന് കുട്ടികൾക്ക് ഭീതിയും ഒപ്പം കൗതുകവും നൽകിയത്.
അന്യഗ്രഹ ജീവികളുടെതെന്ന് കരുതുന്ന പറക്കുംതളിക കണ്ടുവെന്ന് അധ്യാപകർക്കുമുന്നിൽ വിദ്യാർഥികൾ കൂട്ടമായെത്തി പറയുന്നതോടെയായിരുന്നു തുടക്കം. ഉച്ചഭക്ഷണ ഇടവേളയിൽ മരങ്ങൾക്ക് തൊട്ടുമുകളിൽ ഏതോ ബഹിരാകാശ പേടകം വന്ന് വട്ടംപറന്ന് മടങ്ങുകയായിരുന്നുവത്രെ.
വിശ്വസിക്കാനാവാതെ കുട്ടികളെ പല സംഘങ്ങളായി മാറ്റിനിർത്തി അവർ കണ്ടത് ചിത്രത്തിൽ പകർത്താൻ അധ്യാപകൻ പറഞ്ഞു. എല്ലാവരും വരച്ച് പൂർത്തിയായ ചിത്രങ്ങൾ ഒന്നിച്ച് കണ്ടപ്പോൾ അധ്യാപകരുംാ ഞെട്ടി. എല്ലാവരുടെ ചിത്രങ്ങളും ഏകദേശം ഒരുപോലെ.
യഥാർഥത്തിൽ എന്തോ സംഭവിച്ചുവെന്ന് തോന്നൽ വന്നതോടെ ചിത്രങ്ങൾ പൊലീസിന് കൈമാറി. അവർ പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ അന്യഗ്രഹ ജീവി പഠന വിഭാഗത്തിനും. കേസ് ഏറ്റെടുത്ത് മന്ത്രാലയം അന്വേഷിച്ചുവെങ്കിലും കാര്യമായ തീർപുണ്ടായില്ല. 'കളിമുറ്റത്തെ അടുത്ത കാഴ്ചകൾ' എന്ന പേരിൽ ഈ കേസ് പിന്നീട് അറിയപ്പെട്ടു.
2009ൽ ഷെഫീൽഡ് ഹാലം യൂനിവേഴ്സിറ്റിയിലെ ഡോ. ഡേവിഡ് ക്ലാർക് ഈ ചിത്രങ്ങൾ പിന്നീട് ഒരു പുസ്തകത്തിലും ഉപയോഗിച്ചു.
പതിറ്റാണ്ടുകൾ പലത് പിന്നിട്ടുവെങ്കിലും 1977ൽ കുട്ടികൾ കണ്ട കാഴ്ച എന്താകുമെന്ന തീരാത്ത ആകാംക്ഷയിലാണ് ബ്രിട്ടൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.