മൈനസ് ഡിഗ്രിയിൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കാൻ പുതിയ സാങ്കേതികവിദ്യ
text_fieldsസിഡ്നി: വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ് പവിഴപ്പുറ്റുകള്‍ മൈനസ് ഡിഗ്രി താപനിലയിൽ തണുപ്പിച്ച് സൂക്ഷിക്കുന്ന പുതിയ രീതിയുമായി ശാസ്ത്രജ്ഞർ. ആസ്ട്രേലിയന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മറൈന്‍ സയന്‍സാണ് ലോകത്തിൽ ആദ്യമായി പരീക്ഷണത്തിലൂടെ പവിഴപ്പുറ്റുകളുടെ സംരക്ഷണം സാധ്യമാണെന്ന് കണ്ടെത്തിയത്. പവിഴപ്പുറ്റിലെ ലാര്‍വകളെ -196 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിച്ചാണ് സംരക്ഷണം സാധ്യമാക്കുന്നത്.
വര്‍ധിക്കുന്ന സമുദ്ര താപനില ഭീഷണിയാണ് ഈ സൂക്ഷ്മ ആവാസവ്യവസ്ഥക്ക്. മരവിപ്പിച്ച പവിഴപ്പുറ്റുകളെ ശേഖരിക്കാനും പിന്നീട് വീണ്ടും ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്തിക്കാനും കഴിയും. എന്നാൽ, ഇതിന് ലേസർ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ആവശ്യമാണ്. ചെലവുകുറഞ്ഞ രീതിയിൽ നിർമിച്ച ഭാരം കുറഞ്ഞ 'ക്രയോമെഷ്' ഉപയോഗിച്ച് പവിഴപ്പുറ്റിനെ സംരക്ഷിക്കാനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഡിസംബറില്‍ നടന്ന ആദ്യ ലാബ് പരീക്ഷണത്തില്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്ന് ശേഖരിച്ച കോറല്‍ ലാര്‍വയെ ഇത്തരത്തില്‍ സംരക്ഷിച്ചിരിക്കുകയാണ്.
പവിഴപ്പുറ്റുകളിൽ വസിക്കുന്ന ആൽഗകളെ പുറന്തള്ളി വെള്ളനിറത്തിലാവുന്ന കോറൽ ബ്ലീച്ചിങ്ങിന് ഏഴു വര്‍ഷത്തിനിടെ നാല് തവണയായി പവിഴപ്പുറ്റുകൾ വിധേയമായി. ഇതുവഴി തണുപ്പ് നിലനിർത്താൻ സഹായകമാവുന്നു. ചെറുതും വലുതുമായ ഹവായിയൻ പവിഴപ്പുറ്റുകളിൽ ക്രയോമെഷ് മുമ്പ് പരീക്ഷിച്ചിരുന്നു. എന്നാൽ, വലിയ ഇനത്തിലുള്ള പരീക്ഷണം പരാജയപ്പെട്ടു. ഗ്രേറ്റ് ബാരിയർ റീഫ് പവിഴപ്പുറ്റുകളുടെ വലിയ ഇനത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ്. എയിംസ്, സ്മിത്സോണിയൻ നാഷനൽ സൂ ആൻഡ് കൺസർവേഷൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രേറ്റ് ബാരിയർ റീഫ് ഫൗണ്ടേഷൻ, ടറോംഗ കൺസർവേഷൻ സൊസൈറ്റി ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിൽ ഭാഗഭാക്കാണ്.
ക്രയോമെഷ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് മിനിസോട സർവകലാശാലയിലെ കോളജ് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ പോസ്റ്റ്ഡോക്ടറൽ അസോസിയേറ്റ് ഡോ. സോങ്കി ഗുവോയും പ്രഫസർ ജോൺ സി. ബിഷോവും ഉൾപ്പെടുന്ന സംഘമാണ്. പിഎച്ച്.ഡി വിദ്യാർഥിയായ നിക്കോളാസ് സുചോവിച്ച് ആണ് പവിഴപ്പുറ്റുകളിൽ ഇത് ആദ്യമായി പരീക്ഷിച്ചത്. യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ച ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടകളുടെ ശൃംഖലയാണ് ഗ്രേറ്റ് ബാരിയർ റീഫ്. വടക്കുകിഴക്കൻ ആസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിന്റെ തീരത്ത് 2300 കിലോമീറ്ററിലധികം നീളത്തിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.