യുക്രെയ്ൻ അധിനിവേശം; റഷ്യൻ ഗ്രാൻഡ്പ്രീയിൽ നിന്നും പിന്മാറി വെറ്റൽ
text_fieldsവാഷിങ്ടൺ: യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ ഫോർമുല വണ്ണിന്‍റെ റഷ്യൻ ഗ്രാൻഡ്പ്രീയിൽ പിന്മാറി സെബാസ്റ്റ്യൻ വെറ്റൽ. റഷ്യയിൽ മുൻനിശ്ചയിച്ച പ്രകാരം മത്സരം നടന്നാലും താൻ അതിൽ പങ്കാളിയാവില്ലെന്ന് വെറ്റൽ അറിയിച്ചു. ഒരിക്കലും അങ്ങോട്ട് പോകരുതെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ആ രാജ്യത്ത് റേസ് നടത്തുന്നത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും വെറ്റൽ പറഞ്ഞു.
യുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന നിസഹായരായ ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. ചില ഭ്രാന്തൻ നേതൃത്വങ്ങൾ നടത്തുന്ന ആക്രമണങ്ങളിൽ ജീവൻ വെടിയേണ്ടി വരുന്നവരെയോർത്ത് തനിക്ക് സഹതാപമുണ്ടെന്നും വെറ്റൽ വ്യക്തമാക്കി. നിലവിൽ ഫോർമുല വണ്ണിൽ ആസ്റ്റൻ മാർട്ടിനായാണ് വെറ്റൽ കാറോടിക്കുന്നത്.
യുദ്ധത്തിൽ പങ്കാളിയായ ഒരു രാജ്യത്തിൽ റേസ് നടത്തുന്നത് ഉചിതമാവില്ലെന്ന് ഫോർമുല വണ്ണിലെ മറ്റൊരു ഡ്രൈവറായ മാക്സ് വെസ്റ്റാപ്പനും പറഞ്ഞു. സെപ്റ്റംബർ 25നാണ് ഫോർമുല വണ്ണിന്‍റെ റഷ്യൻ ഗ്രാൻഡ്പ്രീ നടക്കുന്നത്. അതേസമയം, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഫോർമുല വൺ അധികൃതർ അറിയിച്ചു.
എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരം ഗ്രാൻഡ്പ്രീ നടക്കുമോയെന്ന് ഫോർമുല വൺ അധികൃതർ വ്യക്തമാക്കിയിട്ടില്ല. റഷ്യൻ ഗ്രാൻഡ്പ്രീയുടെ പ്രധാന സ്പോൺസറായ വി.ടി.ബി ബാങ്കിന് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. ഫോർമുല വണ്ണിന്‍റെ റഷ്യൻ ഗ്രാൻഡ്പ്രീയിൽ വ്ലാദമിർ പുടിനും പങ്കെടുക്കാറുണ്ട്. മത്സരശേഷം പോഡിയത്തിലെത്തി ഡ്രൈവർമാർക്ക് അദ്ദേഹമാണ് ട്രോഫി സമ്മാനിക്കാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.