പാക് അസംബ്ലി പിരിച്ചുവിട്ടു; 90 ദിവസത്തിനകം തെരഞ്ഞെടുപ്പ്
text_fieldsഇസ്ലാമാബാദ്: പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ ശിപാർശ പ്രസിഡന്‍റ് ആരിഫ് അൽവി അംഗീകരിച്ചു. പാക് അസംബ്ലി പിരിച്ചുവിടുകയും 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദേശിക്കുകയുമായിരുന്നു.
നേരത്തെ, ഇംറാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. പ്രമേയം ഭരണഘടനയുടെ അഞ്ചാം അനുച്ഛേദത്തിന് എതിരെന്ന് ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അറിയിച്ചത്. ഏപ്രിൽ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. പിന്നാലെ സഭ പിരിഞ്ഞു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതോടെ സ്പീക്കർ അസംബ്ലിയിൽനിന്ന് ഇറങ്ങിപോയി.
ഇതോടെയാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇംറാൻ ഖാൻ പ്രസിഡന്‍റിനോട് ശിപാർശ ചെയ്തത്. പാകിസ്താനിലെ ജനങ്ങൾക്ക് മാത്രമാണ് സർക്കാറിനെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇംറാൻ പറഞ്ഞു.
സംഘർഷസാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, പതിനായിരം സൈനികരെയും നഗരത്തിൽ വിന്യസിച്ചിരുന്നു. അതിനിടെ, ദേശീയ അസംബ്ലി സ്പീക്കറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു.
പ്രമേത്തിൽ 100 പ്രതിപക്ഷ അംഗങ്ങൾ ഒപ്പുവെച്ചു. അസംബ്ലിയിൽ 174 അംഗങ്ങളുടെ പിന്തുള്ള തങ്ങൾക്കുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. എന്നാൽ, രാജ്യം ഇംറാൻ ഖാനോടൊപ്പമാണെന്ന് ഭരണകക്ഷി പ്രതികരിച്ചു. 342 അംഗ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ സർക്കാറിന് 172 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. ഇംറാന്റെ തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് (പി.ടി.ഐ) 155 അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.