യുക്രെയ്നിലെ നാനൂറോളം ആശുപത്രികൾ റഷ്യൻ സേന തകർത്തെന്ന് സെലൻസ്കി
text_fieldsകിയവ്: റഷ്യൻ അധിനിവേശത്തിൽ യുക്രെയ്നിലെ നിരവധി ആശുപത്രികളാണ് ആക്രമിക്കപ്പെടുന്നതെന്ന് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. കാൻസർ രോഗികളുടെ പോലും ചികിത്സക്കാവശ്യമായ മരുന്നുകളോ ശസ്ത്രക്രിയക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ശക്തമായ യുക്രെയ്ന്‍റെ കിഴക്കൻ മേഖലകളിൽ ആന്‍റിബയോട്ടിക്കുകൾ പോലും ലഭിക്കുന്നില്ലെന്നും ഒരു വിഡിയോ സന്ദേശത്തിൽ സെലൻസ്കി കൂട്ടിച്ചേർത്തു.
"ആക്രമിക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളുടെ മാത്രം കണക്കെടുത്താൽ പ്രസവ വാർഡുകൾ, ക്ലിനിക്കുകൾ തുടങ്ങി 400 ഓളം ആരോഗ്യ സ്ഥാപനങ്ങളാണ് റഷ്യൻ സേന നശിപ്പിച്ചത്"- സെലൻസ്കി പറഞ്ഞു.
സൈനികമായി പ്രാധാന്യമുള്ള സ്ഥലങ്ങൾ മാത്രമാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് റഷ്യ ആവർത്തിക്കുമ്പോഴും ആരോഗ്യ കേന്ദ്രങ്ങൾ പോലും ആക്രമണങ്ങളിൽ തകരുകയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. ആക്രമണം രൂക്ഷമായ മരിയുപോളിലെ ഒരു പ്രസവ ആശുപത്രിക്ക് നേരെ മാർച്ച് ഒൻപതിന് റഷ്യൻ സേന നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.