ബൈഡനെ തടയാൻ അവസാന അടവുമായി റിപ്പബ്ലിക്കൻ സെനറ്റർമാർ
text_fieldsവാഷിങ്ടണ്‍: ജോ ബൈഡന്‍ അമേരിക്കൻ പ്രസിഡന്‍റ് പദത്തിൽ എത്തുന്നത് തടയിടാനുള്ള പുതിയ നീക്കവുമായി ഒരു സംഘം റിപ്പബ്ലിക്കൻ സെനറ്റർമാർ. വോട്ടിലെ കൃത്രിമം എന്ന ആരോപണം അന്വേഷിക്കാൻ കമീഷനെ നിയമിച്ചില്ലെങ്കിൽ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്നാണ് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ നിലപാട്.
ട്രെഡ് ക്രൂസിന്‍റെ നേതൃത്വത്തിൽ 11 സെനറ്റർമാർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പുതിയ നീക്കം. എന്നാൽ, ഭൂരിഭാഗം സെനറ്റ് അംഗങ്ങളും ബൈഡനെ പിന്തുണക്കുന്നതിനാൽ പുതിയ നീക്കം വിജയിക്കില്ലെന്നാണ് റിപ്പോർട്ട്.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ 306ഉം ഡോണൾഡ് ട്രംപ് 232 വോട്ടുമാണ് നേടിയത്. എന്നാൽ, ബൈഡന്‍റെ വിജയം അംഗീകരിക്കാത്ത ട്രംപ്, വോട്ടിൽ കൃത്രിമം ആരോപിച്ച് കോടതിയെ സമീപിച്ചു. അതേസമയം, ട്രംപ് നൽകിയ തെരഞ്ഞെടുപ്പ് കേസുകൾ കോടതി തള്ളുകയായിരുന്നു. തുടർന്ന്, കഴിഞ്ഞ നവംബര്‍ 23നാണ് അധികാര കൈമാറ്റത്തിന് ട്രംപ് ഭരണകൂടം അനുമതി നല്‍കിയത്.
ഇലക്ടറൽ കോളജ് വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി ബൈഡന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് യു.എസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനം ജനുവരി 6നാണ് ചേരുക. ഒാരോ സംസ്ഥാനത്ത് നിന്നുള്ള വോട്ടുകൾ എണ്ണുന്നതിനായി വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
ജനുവരി 20ന് നടക്കുന്ന അധികാര കൈമാറ്റ ചടങ്ങുകള്‍ക്ക് മുമ്പ് യു.എസ് കോൺഗ്രസും സെനറ്റും സം യുക്തമായി വിജയിയെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതുവരെ ട്രംപ് പരാജയം പരസ്യമായി അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.