ഗസ്സയിലെ മനുഷ്യാവകാശലംഘനത്തിനെതിരെ യു.എസ് സെനറ്റിൽ പ്രമേയം
text_fieldsവാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് സെനറ്റിൽ പ്രമേയം. ബേണി സാൻഡേഴ്സാണ് പ്രമേയം കൊണ്ടു വന്നത്. എന്നാൽ, സെനറ്റിൽ 11 പേരുടെ പിന്തുണ മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. ഇതോടെ സാൻഡേഴ്സന്റെ പ്രമേയം പരാജയപ്പെടുകയായിരുന്നു.
ഗസ്സയിൽ ഇസ്രായേൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് സെനറ്റിൽ കൊണ്ട് വന്നത്.
യു.എസ് നൽകുന്ന സഹായം ഗസ്സയിൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇസ്രായേൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇസ്രായേലിന് യു.എസ് നൽകുന്ന സഹായത്തിന് വ്യവസ്ഥകൾ ഏർപ്പെടുത്താൻ കാരണമായേക്കാവുന്ന പ്രമേയം പരാജയപ്പെടുകയായിരുന്നു.
ഓരോ വർഷവും 3.8 ബില്യൺ ഡോളറിന്റെ സഹായമാണ് ഇസ്രായേലിന് യു.എസ് നൽകുന്നത്. ഇത് 14 ബില്യൺ ഡോളറാക്കി ഉയർത്തുകയാണ് ബൈഡൻ സർക്കാറിന്റെ ലക്ഷ്യം. പ്രമേയം പാസായിരുന്നുവെങ്കിൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടി വരുമായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളും ഉണ്ടാവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.