അമേരിക്കയിൽ വെടിവെപ്പ് പരമ്പര; മൂന്ന് സംഭവങ്ങളിലായി കൊല്ലപ്പെട്ടത് ഏഴുപേർ
text_fieldsവാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുണ്ടായ വെടിവെപ്പിൽ മൂന്ന് സംഭവങ്ങളിലായി ഏഴുപേർ കൊല്ലപ്പെട്ടു.
ഹൂസ്റ്റണിലെ ടെക്‌സൻ നഗരത്തിൽ തോക്കുധാരി വീടിന് തീയിട്ട ശേഷം മൂന്ന് പേരെ വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. പ്രതിയെ പിന്നീട് പൊലീസ് വെടിവെച്ച് കൊന്നു. അക്രമി പല വീടുകൾക്കും തീയിടുകയും താമസക്കാർ പുറത്തുവന്നയുടൻ അവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് ഹൂസ്റ്റൺ പൊലീസ് മേധാവി ട്രോയ് ഫിന്നർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തീ അണക്കാനെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾക്കു നേരെയും പ്രതി വെടിവെച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് പൊലീസ് എത്തി ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു. അക്രമിയുടെ വെടിയേറ്റ് മരിച്ചവരെല്ലാം 40–60 പ്രായമുള്ള പുരുഷന്മാരാണെന്നും 40 വയസ്സുകാരനായ ആഫ്രിക്കൻ അമേരിക്കൻ വംശജനാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു.
യു.എസിലെ ഡെട്രോയിറ്റ് നഗരത്തിൽ അജ്ഞാതന്റെ വെടിയേറ്റ് മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് മേധാവി ജെയിംസ് വൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ്. വെടിയേറ്റവരിൽ ഒരാൾ ബസിനായി കാത്തുനിൽക്കുകയായിരുന്നു. മറ്റൊരാൾ തന്റെ നായക്കൊപ്പം നടക്കുകയും ഒരാൾ തെരുവിൽ നിൽക്കുകയുമായിരുന്നു.
അതിനിടെ, തലസ്ഥാനമായ വാഷിങ്ടണിൽ ഒരു നാഷനൽ ഫുട്ബാൾ ലീഗ് താരത്തിന് വെടിയേറ്റു. ബ്രയാൻ റോബിൻസൺ ജൂനിയർ എന്ന താരത്തിനാണ് വെടിയേറ്റത്. എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.