ഭരണഘടന ഭേദഗതി ശിപാർശ മന്ത്രിസഭക്ക് മുന്നിലെത്തിയില്ല; വിക്രമസിംഗെക്ക് തിരിച്ചടി
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള ഭരണഘടന ഭേദഗതിയുടെ ശിപാർശ മന്ത്രിസഭയിൽ അവതരിപ്പിക്കാനായില്ല. നിലവിലെ രൂപത്തിൽ ശിപാർശ അവതരിപ്പിക്കുന്നതിനെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ (എസ്.എൽ.പി.പി) അംഗങ്ങൾ അനുകൂലിച്ചില്ലെന്നാണ് റിേപ്പാർട്ടുകൾ. ഭരണപ്രതിസന്ധിയെ തുടർന്ന് മേയ് 12ന് സ്ഥാനമേറ്റ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെക്ക് കനത്ത തിരിച്ചടിയാണിത്.
പ്രസിഡന്റിന് അനിയന്ത്രിതമായ അധികാരങ്ങൾ പ്രദാനംചെയ്യുന്ന ഭരണഘടനയുടെ വകുപ്പ് ഭേദഗതി ചെയ്യാനായിരുന്നു ശിപാർശ. റനിൽ വിക്രമസിംഗെയും ഗോടബയയും തമ്മിലുള്ള പ്രധാന ധാരണയും ഈ ഭേദഗതി ആയിരുന്നു. ഈമാസം ആദ്യം രാഷ്ട്രത്തെ അഭിസംബോധനചെയ്ത ഗോടബയ ഭരണഘടനഭേദഗതിക്കുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
അതിനിടെ, പുതിയ എട്ടു മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി ഗോടബയ മന്ത്രിസഭ വികസിപ്പിച്ചു. വലിയ പ്രതിസന്ധി നേരിടുന്ന ധനവകുപ്പിൽ ഇത്തവണയും മന്ത്രിയെ നിയമിച്ചിട്ടില്ല. രാജ്യത്ത് ഭരണവിരുദ്ധ പ്രക്ഷോഭം തുടങ്ങിയശേഷം ഇത് അഞ്ചാം തവണയാണ് മന്ത്രിസഭ അഴിച്ചുപണിയുന്നത്. ഭരണകക്ഷിയായ എസ്.എൽ.പി.പിയുടെയും സഖ്യകക്ഷികളുടെയും പ്രതിനിധികളാണ് പുതുതായി നിയമിതരായ എട്ടുപേരും.
ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്റെ മുൻ ഗവർണർ അജിത് കബ്രാളിന്റെ വിദേശയാത്ര വിലക്ക് വീണ്ടും കോടതി നീട്ടി. ജൂലൈ 25 വരെയാണ് പുതിയ വിലക്കുള്ളത്. ഗവർണർ സ്ഥാനത്തിരുന്നുള്ള അജിതിന്റെ പ്രവർത്തനങ്ങളാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മേയ് ഒമ്പതിന് രാജ്യത്തുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1,500ലേറെ പേരെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.