മെക്സിക്കോയിൽ പള്ളിയുടെ മേൽക്കൂര തകർന്ന് ഏഴ് മരണം
text_fieldsമെക്സിക്കോ: വടക്കുകിഴക്കൻ മെക്‌സിക്കോയിൽ ഞായറാഴ്ച ആരാധനക്കിടെ പള്ളിയുടെ മേൽക്കൂര തകർന്ന് ഏഴ് പേർ മരിച്ചു. പരിക്കേറ്റ 10 പേരെ രക്ഷപ്പെടുത്തി. തീരദേശ പട്ടണമായ സിയുഡാഡ് മഡെറോയിൽ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും തമൗലിപാസ് സംസ്ഥാന സർക്കാരിന്റെ വക്താവ് പറഞ്ഞു.
മെക്‌സിക്കോയിലെ തമൗലിപാസിലെ മഡെറോയിലെ കത്തോലിക്കാ പള്ളിയായ ഇഗ്ലേഷ്യ സാന്താക്രൂസ് പള്ളിയുടെ മേൽക്കൂരയാണ് തകർന്നത്. ഏകദേശം 100 പേർ പള്ളിയിൽ ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയ 10 പേരെയും സിവിൽ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്കായി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സേനകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നുണ്ട്. സാന്താക്രൂസ് പ്രാദേശിക ഇടവകയുടെ അവശിഷ്ടങ്ങൾക്കടിയിൽ കുറഞ്ഞത് 20 പേരെ കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്.
അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റുകൾ, മരം, ചുറ്റിക എന്നിവ പോലുള്ള രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങൾ പ്രദേശവാസികൾ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. മേൽക്കൂരയിലെ തകരാറാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗൾഫ് ഓഫ് മെക്സിക്കോയുടെ തീരത്ത് 200,000-ത്തിലധികം ആളുകൾ താമസിക്കുന്ന ഒരു നഗരമാണ് സിയുഡാഡ് മഡെറോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.